കോഴിക്കോട്: മുൻ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ നാമത്തിൽ കോഴിക്കോട് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നത് വലിയ വാർത്തയായിരുന്നു. ചുരുങ്ങിയ ഇടവേളയ്ക്ക് ശേഷം കോൺഗ്രസുകാർ തനി കൊണം കാണിച്ച ദിവസം എന്നായിരുന്നു പ്രധാന കമന്റ്.
ഫോട്ടോയിൽ കിട്ടാൻ വേണ്ടി തിടുക്കം കൂട്ടുന്ന സ്വയം പ്രഖ്യാപിത നേതാക്കളും, ഉദ്ഘാടനത്തിനായി ഗതികേടിന് വന്നു പോയല്ലോ എന്നു ചിന്തിക്കുന്ന യഥാർഥ നേതാക്കളെയും ജനം കണ്ടു. കാരിരുമ്പിന്റെ കരുത്തുമായി ഒരിഞ്ച് നീങ്ങി കൊടുക്കാതെ പ്രതിപക്ഷനേതാവിനെയും കെപിസിസി പ്രസിഡന്റിനെയും രണ്ടാം നിരയിലാക്കിയ കെ.സി. അബുവും വാർത്തയിലും ട്രോളിലും ഒരുപോലെ സ്ഥാനം പിടിച്ചു.
ഉദ്ഘാടകനായി എത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കാറ്റുപിടിച്ച മരം കണക്കെ നിന്നാടുന്നതും വീഡിയോയിലുണ്ട്. ഡിസിസി പ്രസിഡന്റെ പ്രവീൺകുമാർ ചിത്രത്തിലെ ഇല്ല. പണ്ടുകാലത്തെ കോൺഗ്രസ് എങ്ങനെയാണോ അതായിരുന്നു കോഴിക്കോട് കണ്ടത്. ഫോട്ടോ വരാനും വാർത്ത വരാനുമായി മത്സരിക്കുന്ന രാഷ്ട്രീയം. രണ്ടാം വരിയിലായിരുന്ന വി.ഡി. സതീശൻ നാട മുറിച്ചപ്പോഴാണ് ഒരുപടി മുൻപിലേക്ക് എത്താനായത്.
കെസിയുടെ ഇടത്തു കയറി കൂടിയ ചെന്നിത്തലയും ചിത്രത്തിലുണ്ട്. എന്നാൽ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിൻ പ്രസിഡന്റ് കെ സുധാകരൻ രണ്ടാം നിരയിൽ തന്നെ ഒതുക്കപ്പെട്ടു. ആദ്യമൊക്ക മുന്നിലേക്ക് എത്താൻ ശ്രമിച്ചെങ്കിലും മറ്റ് നേതാക്കളോളം ഇടികൂട്ടാതെ കിട്ടിയ സ്ഥലത്ത് ഒതുങ്ങി കൂടാനാണ് സുധാകരൻ ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ സംഭവത്തെ പരിഹസിച്ച് ഇടത്, ബിജെപി പാളയങ്ങൾ ട്രോളിറക്കുമ്പോൾ ബുദ്ധിജീവികളും സാംസ്കാരിക നായകൻമാരാലും സമ്പന്നമായ കേരളത്തിൽ രണ്ടാം നിരയിലേക്ക് ഒതുക്കപ്പെട്ട കെ സുധാകരൻ എന്ന നിലയിൽ ചർച്ചകളും നടക്കുന്നുണ്ട്.
വെള്ളയും പശമുക്കിയ വസ്ത്രം ധരിച്ച് രാവിലെ മുതൽ മണ്ഡലം ബ്ലോക്ക് എന്ന പേരിൽ നടക്കുന്ന എല്ലാ താഴെക്കിടയിലെ പ്രവർത്തകരും നേതാക്കന്മാരെന്ന നിലയിലാണ് നടപ്പും മട്ടും. ജില്ലാ ജനറൽ സെക്രട്ടറിക്കു മുകളിലാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും എന്ന് അറിയാഞ്ഞിട്ടല്ല അർഹമായ സ്ഥാനം നൽകാതിരുന്നത്. മറിച്ച് ഇത്രയും വലിയൊരു വേദിയിൽ സ്വന്തം പ്രാതിനിധ്യം ഉറപ്പാക്കാനുള്ള വ്യഗ്രത മാത്രമാണ്.
പ്രോട്ടോക്കോൾ ഇല്ലാത്ത നാലാംകിട പാർട്ടിയല്ല കോൺഗ്രസ് എന്നും വ്യക്തമാണ്. എന്നാൽ കോൺഗ്രസാണ് ഇവിടെ ഇങ്ങനെയാണ് എന്ന പല്ലവിയാണ് ഇതിനവസരമൊരുക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഒരുവിധമാണ് കെ.സി. വേണുഗോപാൽ എംപി നാടമുറിച്ചത്. ശ്വാസം മുട്ടിയോ എന്നുള്ളത് സംശയമാണ്. പതിവു പോലെ എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാകില്ല എന്നതാണ് ഇന്നും കോൺഗ്രസ് ലൈൻ .
content highlight: Congress Kozhikkode Inaguration