തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ അംഗമാകണമെന്ന സിപിഎം നിലപാട് എൽഡിഎഫിൽ ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ സിപിഐ. പിഎം ശ്രീയിൽ ചേരാത്തതിനാൽ സമഗ്ര ശിക്ഷാ കേരള ഫണ്ട് കൂടി തടഞ്ഞുവെക്കുന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുന്നത് ശരിയല്ലെന്ന വാദമാണ് സിപിഐ മുന്നോട്ടുവെക്കുന്നത്. എസ്എസ്എ ഫണ്ട് കൂടി തടഞ്ഞുവെക്കുന്ന കേന്ദ്ര നിലപാടിനെതിരെ തമിഴ്നാട്, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന സമീപനത്തിലേക്ക് കേരളവും എത്തിച്ചേരണമെന്നാണ് സിപിഐയുടെ ആവശ്യം.
പിഎം ശ്രീയിൽ ചേരാനുള്ള വിദ്യാഭ്യാസവകുപ്പ് നീക്കത്തെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ ശക്തമായി എതിർത്തിരുന്നു. കൂടുതൽ ചർച്ചക്കായി അടുത്ത മന്ത്രിസഭാ യോഗത്തിലേക്ക് വിഷയം മാറ്റിയെങ്കിലും സിപിഐ അയഞ്ഞിട്ടില്ല.
2022ൽ രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംശ്രീ പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കേരളത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന 251 സ്കൂളുകൾക്ക് ഓരോ കോടി രൂപ വീതം കിട്ടും. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്ക് മുന്നിൽ പിഎംശ്രീ എന്ന ബോർഡും, പ്രധാനമന്ത്രിയുടെ ചിത്രവും വെക്കണമെന്ന നിബന്ധന കേന്ദ്രം മുന്നോട്ട് വച്ചു. കേരളം, തമിഴ്നാട്, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിൽ ആദ്യം എതിർപ്പ് രേഖപ്പെടുത്തി.
പദ്ധതിയിൽ ഭാഗമാകാഞ്ഞതോടെ സമഗ്ര ശിക്ഷ അഭിയാൻ വഴി കേരളത്തിൽ ചെലവഴിക്കേണ്ട 750 കോടിയോളം രൂപ കേന്ദ്രം തടഞ്ഞു. ഈ പണം കിട്ടണമെങ്കിൽ പിഎംശ്രീ പദ്ധതിയിൽ അംഗമാകേണ്ടി വരുമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചതോടെയാണ് സിപിഎം വഴങ്ങാൻ തീരുമാനിച്ചത്. എന്നാൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐ.
ചർച്ചകൂടാതെ നയം മാറ്റാനാകില്ലെന്നാണ് സിപിഎ കടുംപിടുത്തം. എൽഡിഎഫിൽ ചർച്ച ചെയ്യണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. മറ്റ് ഘടകകക്ഷികൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. എൽഡിഎഫ് ചേർന്നാലും വിട്ടുവീഴ്ചക്കില്ലെന്നാണ് സിപിഐ പറയുന്നത്. സർക്കാരിൻറെ വാർഷിക പരിപാടികൾ അടുത്താഴ്ച ആരംഭിക്കുന്നതുകൊണ്ട് എൽഡിഎഫ് യോഗം എന്ന് ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.