Kerala

കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍; സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച

എറണാകുളം: കേന്ദ്ര ന്യുനപക്ഷകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത് എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. ‘നന്ദി മോദി’ എന്ന പേരിൽ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ കിരൺ റിജിജു ഉദ്ഘാടനം ചെയ്യും. മുനമ്പം വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം കോണ്‍ഗ്രസും സിപിഐഎമ്മും ശക്തമാക്കുന്നതിനിടയിലാണ് സന്ദര്‍ശനം.

മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും. വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവർ പങ്കെടുക്കും. 11.20 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച നടത്തും. എറണാകുളം താജ് വിവാന്തയിലെ വാര്‍ത്ത സമ്മേളനത്തിനുശേഷം അഞ്ചുമണിയോടുകൂടിയായിരിക്കും മുനമ്പം സമരപ്പന്തലില്‍ മന്ത്രി എത്തുക.