Kerala

പൊലീസിൽ പരാതി നൽകിയ; വൈരാഗ്യത്തിൽ കടയിലിട്ട് തീകൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു | Kasaragod grocery store owner Ramitha dies in arson incident

കാസർകോട്: കാസർകോട് ജില്ലയിലെ മുന്നാട് തമിഴ്‌നാട് സ്വദേശിയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന രമിത ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നർ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. റിമാൻ്റിൽ കഴിയുന്ന പ്രതി രാമാമൃതത്തിനെതിരെ കൊലക്കുറ്റം ചുമത്തും.

ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യിൽ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവർത്തനം നടത്തിയത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാമാമൃതത്തെ സംഭവം നടന്ന അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.