കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ സമാനമായ സംഘര്‍ഷം ഉണ്ടാകുന്നത് തടയാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്രം, വിവിധ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി.
അതേ സമയം 24 പർഗാനാസിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർ നഗരത്തിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തെത്തുടർന്നു ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
ജനങ്ങള്‍ സംയമനം പാലിക്കണമെന്നും, സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആഹ്വാനം ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുനൂറിലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദില്‍ ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് അവസാനിക്കും. ഇന്റര്‍നെറ്റ് നിരോധനം നീട്ടും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. വെള്ളിയാഴ്ച സംഘര്‍ഷം ഉണ്ടായ മുര്‍ഷിതബാദില്‍ നിലവില്‍ സ്ഥിതികള്‍ ശാന്തമാണ്.