തിരുവനന്തപുരം: മുതലപ്പൊഴി ഹാര്‍ബറില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ മത്സ്യത്തൊഴിലാളികള്‍. ഇന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം സമർപ്പിക്കും. സർക്കാരിന്റെയും അദാനിയുടെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ച് സമരസമിതി ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. ഇന്ന് മുതൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല ഉപരോധ സമരം നടത്തും.
മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താൻ ഒരു തരത്തിലും കടലിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് മുതലപ്പൊഴി ഹാർബർ. മണ്ണ് നിറഞ്ഞ് പൊഴിമുഖം അടഞ്ഞിട്ട് ദിവസങ്ങളായി. അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ മത്സ്യത്തൊഴിലാളികള്‍ ഈ പ്രശ്‌നം മുന്‍കൂട്ടി പറഞ്ഞതാണ്. പക്ഷെ ഡ്രഡ്ജിംഗിന് കരാര്‍ എടുത്തിരുന്ന അദാനി ഗ്രൂപ്പ് പിന്മാറിയതോടെ മണ്ണ് നീക്കം കാര്യക്ഷമമായിട്ടില്ല. പ്രതിഷേധിക്കുമ്പോള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കുമെങ്കിലും ഫലപ്രദമായിരുന്നില്ല. 8 മീറ്റര്‍ ആഴത്തില്‍ അടഞ്ഞിട്ടുള്ള മണല്‍ ഈ രീതിയില്‍ നീക്കിയാല്‍ മഴക്കാലത്തിനു മുമ്പ് പോലും പൊഴി സാധാരണ നിലയില്‍ ആകില്ല.
മെയ് മുതല്‍ സെപ്റ്റംബര്‍ മാസം വരെ മത്സ്യമേഖലക്ക് ചാകരയാണ്. കൂടുതല്‍ മീനുകള്‍ കിട്ടുന്ന കാലം. കടലില്‍ പോകാനായില്ലെങ്കില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും. സര്‍ക്കാര്‍ നടപടികള്‍ക്കായി മൂന്ന് ദിവസം കാത്തിരിക്കുമെന്നും ഹൈക്കോടതിയെ സമീപിക്കാനും സമരസമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. സിഐടിയു അടക്കമുള്ള മത്സ്യത്തൊഴിലാളി സംഘടനകളും സമര രംഗത്തുണ്ട്. മുതലപ്പൊഴിയിൽ നിന്ന് കൊല്ലം ഹാർബറിലേക്ക് മത്സ്യത്തൊഴിലാളികളെ മാറ്റാനുള്ള നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് സമരസമിതി ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല ഉപരോധ സമരം ഇന്ന് മുതൽ തുടങ്ങും.