ഡീനോ ഡെന്നിസ് സംവിധനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ബസൂക്ക. എന്നാൽ സിനിമയ്ക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടന്നെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ സംവിധായകൻ. ആദ്യ ഷോകൾ നടക്കുമ്പോൾ തന്നെ ബസൂക്ക പരാജയപ്പെട്ടതായുള്ള മെസ്സേജുകൾ വരുവാൻ തുടങ്ങി എന്നും അദ്ദേഹം പറഞ്ഞു.
‘സിനിമ തീർന്നിട്ടില്ല, ആദ്യ ഷോ നടന്നുകൊണ്ടിരിക്കുകയാണ്. ആ ടൈമിൽ എനിക്ക് മെസ്സേജ് വന്നുകൊണ്ടിരിക്കുകയാണ് പടം പൊട്ടി എന്ന് പറഞ്ഞ്. മേലാൽ സിനിമ എടുത്തുപോകരുത് എന്നൊക്കെയാണ് പറയുന്നത്. സിനിമ കണ്ട ശേഷം എന്ത് അഭിപ്രായം വേണമെങ്കിലും പറയാം. എന്നാൽ പടം കാണാതെ ‘ഈ പടം കാണരുത്, സ്ലീപ്പിങ് പില്ലാണ് ഈ സിനിമ’ എന്നൊക്കെ പലരും കമന്റ് ചെയ്യുന്നുണ്ട്,’ എന്ന് ഡീനോ ഡെന്നിസ് പറഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
content highlight: Bazookka Movie