ഇന്നലെ മുതൽ കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്. റോഡ് ഗതാഗതത്തെ ഉൾപ്പെടെ പൊടിക്കാറ്റ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്നും (April 15) പൊടിക്കാറ്റ് ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊടിക്കാറ്റ് കാരണം ദൃശ്യപരതയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും ചില പ്രദേശങ്ങളിൽ 1,000 മീറ്ററിൽ താഴെയാകാനും ചില പ്രദേശങ്ങളിൽ പൂജ്യം വരെ എത്താനും സാധ്യതയുണ്ടെന്നും വകുപ്പ് പ്രവചിച്ചു.
തെക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു. ഇതിൻ്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ കവിയാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കും സാധ്യത നിലനിൽക്കുന്നു.
പൊടിക്കാറ്റ് മൂലം സർക്കാർ, സ്വകാര്യ സ്കൂളുകൾ ഓൺലൈൻ മുഖേന ക്ലാസുകൾ നടത്താൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ ഓൺലൈൻ ക്ലാസ് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. ചില ഇന്ത്യൻ സ്കൂളുകൾക്ക് അവധിയും നൽകിയിട്ടുണ്ട്.