അതിരപ്പിള്ളിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി വിഭാഗത്തിൽ പെട്ട രണ്ടു പേർ മരിച്ച സംഭവത്തിൽ മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അദ്ദേഹം നിലവിൽ മുംബൈയിലാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അതിരപ്പിള്ളിയിലേത് അസാധാരണ മരണങ്ങൾ ആണെന്നും, മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.
ആദിവാസി വിഭാഗത്തിൽപ്പെട്ട വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവർ കാട്ടാനയ്ക്ക് മുന്നിൽ പെട്ട് പോവുകയായിരുന്നു. ഇവിടെ താമസിച്ചിരുന്ന മറ്റു കുടുംബങ്ങളെ വനംവകുപ്പ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വനവിഭവങ്ങൾ ശേഖരിക്കാനായി കുടിൽ കെട്ടി പാർക്കുകയായിരുന്നവരാണ് കൊല്ലപ്പെട്ടത്.
അംബികയുടെ മൃതദേഹം കണ്ടെടുത്തത് പുഴയിൽ നിന്നാണ്. സതീഷിൻ്റെ മൃതദേഹം ഉണ്ടായിരുന്നത് പാറപ്പുറത്താണ്. ഇവരെ ആക്രമിച്ചത് മഞ്ഞക്കൊമ്പൻ എന്ന മദപ്പാടുള്ള ആനയാണ് എന്നാണ് വിവരം. നാല് പേർ ഒപ്പമുണ്ടായിരുന്നുവെങ്കിലും സതീഷനെ ആക്രമിച്ചപ്പോൾ മൂന്ന് പേരും വെള്ളത്തിലേക്ക് ചാടി. ഇതാണ് അസാധാരണ മരണം എന്ന് മന്ത്രി വിശേഷിപ്പിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.