Movie News

‘അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിച്ചു’; അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ നിർമാതാവിനോട് 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇളയരാജ| ilayaraja

മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രിൽ 5നാണ് റിലീസ് ചെയ്തത്

ചെന്നൈ: തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജ തമിഴ് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. നഷ്ടപരിഹാരമായി 5 കോടി രൂപ ആവശ്യപ്പെട്ടു. തന്റെ അഭിഭാഷകൻ മുഖേനയാണ് ഇളയരാജ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന് നോട്ടീസ് അയച്ചത്. ചിത്രത്തിലെ മൂന്നു ഗാനങ്ങളും നീക്കം ചെയ്യാൻ ഏഴു ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും നിർമാതാവിന് അയച്ച് വക്കീൽ നോട്ടിസിൽ വ്യക്തമാക്കി. ഏഴു ദിവസത്തിനുള്ളിൽ നിരുപാധികം മാപ്പ് പറയണമെന്നും ഇളയരാജ ആവശ്യപ്പെട്ടു.

മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രിൽ 5നാണ് റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.‘ഒത്ത രൂപയും ദാരേൻ…’, ‘എൻ ജോഡി മഞ്ഞക്ക് കുരുവി…’, ‘ഇളമൈ ഇതോ, ഇത‌ോ…’ എന്നീ ഗാനങ്ങൾ തന്റെ അനുവാദമില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിനെയാണ് ഇളയരാജ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങി കേരളത്തിലും തമിഴ്‌നാട്ടിലും ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന മലയാള ചിത്രത്തിനെതിരെയും ഇളയരാജ വക്കീൽ നോട്ടിസയച്ചിരുന്നു. താൻ സംഗീതം നൽകിയ ‘കൺമണി അൻപോടു കാതലൻ’ എന്ന ഗാനം ചിത്രത്തിൽ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീൽ നോട്ടിസയച്ചിരിക്കുന്നത്.

content highlight: ilayaraja-legal-notice-good-bad-ugly