വഖഫ് ഭേദഗതി ബില്ല് പശ്ചിമബംഗാളിനെ അസ്ഥിരമാക്കിയിരിക്കുകയാണ്. കത്തി പടരുന്ന അക്രമങ്ങൾ ഇല്ലാതാക്കാൻ മമതയുടെ സർക്കാർ ശ്രമം തുടരുന്നുണ്ടെങ്കിലും പ്രതിഷേധ ചൂട് അണയുന്നില്ല.മൂര്‍ഷിദാബാദില്‍ കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും സൗത്ത് 24 പര്‍ഗാനസിലെ ഭൻഗറില്‍ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രതീക്ഷ മങ്ങി. പ്രതിഷേധക്കാര്‍ സിറ്റി പോലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. നിലവില്‍ ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവസ്ഥലത്തുനിന്നുള്ള വീഡിയോകള്‍ നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രതിഷേധക്കാര്‍ പോലീസ് ബൈക്കുകള്‍ക്ക് തീയിടുകയും പോലീസ് ബസിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പുതിയ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഭന്‍ഗറിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ”പൊതുസ്വത്ത് നശിപ്പിച്ച അക്രമികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് പരിശോധനകള്‍ നടന്നുവരികയാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവയ്ക്ക് ചെവികൊടുക്കരുതെന്നും പൊതുജനങ്ങളോട് നിര്‍ദേശം നല്‍കി വരികയാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും,” എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കൊല്‍ക്കത്ത പോലീസ് പറയുന്നു.ഭന്‍ഗറിൽ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ അനുയായികളും പോലീസും തമ്മില്‍ ഏറ്റമുട്ടിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. വഖഫ് ഭേദഗതി നിയമത്തിനെതിരേ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാൻ ഐഎസ്എഫ് അനുയായികള്‍ കൊല്‍ക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോകുകയായിരുന്നു. ഈ പരിപാടിയില്‍ പാര്‍ട്ടി എംഎല്‍എ നൗഷാദ് സിദ്ദിഖ് അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ നിശ്ചയിച്ചിരുന്നു. റാലി നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് ധിക്കരിച്ച് പ്രതിഷേധക്കാര്‍ റാലി നടത്തുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള വലിയൊരുകൂട്ടം ആളുകള്‍ ഘട്ടക്പുക്കൂറില്‍ ഒത്തുകൂടിയിരുന്നു. ഇവിടെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വഖഫ് ഭേദഗതി നിയമത്തിനെതിരേ കഴിഞ്ഞയാഴ്ച മുര്‍ഷിദാബാദില്‍ കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് അക്രമാസക്തമാകുകയും ചെയ്തു. അക്രമത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് 150ലധികമാളുകളെ അറസ്റ്റ് ചെയ്തിരുന്നു. അവിടുത്തെ സ്ഥിതിഗതികള്‍ ശാന്തമായതിന് പിന്നാലെയാണ് ഇപ്പോൾ ഭംഗറില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൂര്‍ഷിദാബാദിലും സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അക്രമണങ്ങൾ തടുക്കാൻ മമതയും പൊലീസും ഭരണകൂടവും പരിശ്രമിക്കുന്നുണ്ട്. വൈകാതെ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ