മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് തലച്ചോറ്. ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കാനും നമ്മുടെ ജീവിതശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ മതി.
പസിലുകളും ബ്രെയിൻ ഗെയിമുകളും കളിക്കുന്നത് തലച്ചോർ പ്രവർത്തനക്ഷമമായിരിക്കാൻ സഹായിക്കും. വ്യായാമം ശരീരത്തിന് മാത്രമല്ല, മനസിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഉറക്കക്കുറവ് തലച്ചോറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്.
സ്ട്രെസ് അഥവാ സമ്മർദ്ദം തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാൽ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. വായന ശീലമാക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കാനും ഓർമ്മശക്തി വർധിപ്പിക്കുന്നതിനും സഹായിക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.
ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യം മികച്ചതായി സംരക്ഷിക്കുന്നതിന് ഡയറ്റിൽ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തണം. പ്രധാനമായി, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.