പപ്പായയുടെ കുരുവിലുമുണ്ട് ആരോഗ്യ ഗുണങ്ങൾ
നമ്മുടെ വീട്ടിൽ സുലഭമായി ഉണ്ടാകുന്ന ഫലമാണ് പപ്പായ. ഒട്ടേറെ ഗുണഗണങ്ങളുള്ള പപ്പായയുടെ കുരുവും നമ്മുക്ക് ഉപയോഗപ്രദമാണ്.പപ്പായ കഴിക്കുന്നത് പോലെ പപ്പായയുടെ കുരു കഴിക്കുന്നതും അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും. പപ്പായയുടെ കുരുവില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിലുടനീളമുള്ള കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ പപ്പായയിലെ കുരുവില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കുന്നു. കൂടാതെ ഒലീക് ആസിഡ്, മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്സ് എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
ഇവയില്‍ വിറ്റാമിന്‍ സി ധാരാളമായുള്ളതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ ഗുണം ചെയ്യും. കൂടാതെ ഇവ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യവും മെച്ചപ്പെടുത്തും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പപ്പായ കുരു ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണകരമാണ്.
ചിലതരം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനുള്ള കഴിവും പപ്പായ കുരുവിന് ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആര്‍ത്തവത്തോടനുബന്ധിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയെ ലഘൂകരിക്കാനും പപ്പായയുടെ കുരു സഹായിക്കും.
പപ്പായ കുരുവില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പപ്പായ വിത്തുകള്‍ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, അവ ഷിഗെല്ല ഡിസെന്റീരിയ, സ്റ്റാഫൈലോകോക്കസ് ഓറിയസ്, സ്യൂഡോമോണസ് എരുഗിനോസ, സാല്‍മൊണെല്ല ടൈഫി, എസ്‌ഷെറിച്ച കോളി തുടങ്ങിയ ബാക്ടീരിയകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.