India

‘അവളെ അങ്ങ് മറന്നേക്ക്’; അമ്മായിയമ്മയുമായി ഒളിച്ചോടി ഭാവി മരുമകന്റെ ഭീഷണി | groom-has-threatened-his-father-in-law-with-a-stern-message-to-forget-about-his-wife

20 വര്‍ഷമായി ഭാര്യ കൂടെയുണ്ടായിരുന്നില്ലേ, ഇപ്പോള്‍ തന്റെ ഊഴമാണെന്ന് രാഹുല്‍

മകള്‍ക്ക് കല്യാണം തീരുമാനിച്ചിരുന്ന വരന്‍ അമ്മായിയമ്മയുമായി ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. വിവാഹത്തിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കെയായിരുന്നു രാഹുല്‍ എന്നയാള്‍ വധുവിന്റെ അമ്മയോടൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് വധുവിന്റെ കുടുംബം പ്രതിസന്ധിയിലാകുകയും വധുവിന്റെ അച്ഛന്‍ ജിതേന്ദ്ര കുമാര്‍ പോലീസ് സഹായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാഹുല്‍ വധുവിന്റെ അച്ഛനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അവരെ മറന്നേക്കാനും ആവശ്യപ്പെട്ടിരുന്നു.
ജിതേന്ദ്ര ബെംഗളൂരുവിലാണ് ജോലിചെയ്തിരുന്നത്.

താന്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് രാഹുലും അനിതയും ഒളിച്ചോടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതെന്നും സംഭവത്തിന് ശേഷം രാഹുല്‍ തന്നെ പരസ്യമായി അപമാനിച്ചുവെന്നും ജിതേന്ദ്ര ആരോപിച്ചു. 20 വര്‍ഷമായി ഭാര്യ കൂടെയുണ്ടായിരുന്നില്ലേ, ഇപ്പോള്‍ തന്റെ ഊഴമാണെന്ന് രാഹുല്‍ പറഞ്ഞതായും ജിതേന്ദ്ര കൂട്ടിച്ചേര്‍ത്തു. ഇപ്പോഴിതാ വരന് അയാളുടെ ഗ്രാമത്തിലെ മറ്റൊരു സ്ത്രീയുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഈ സംഭവം നടക്കുന്നതിന് ഒരു വര്‍ഷം മുമ്പ് രാഹുല്‍ മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. തൊട്ടടുത്ത ഗ്രാമവാസിയായ സ്ത്രീയുമായി ഒളിച്ചോടിയ ഇയാള്‍ രണ്ട് മാസത്തിന് ശേഷം തിരികെ വന്നതായി കണ്ടെത്തി. എന്നാല്‍, സ്ത്രീയുടെ കുടുംബം പരാതി നല്‍കാത്തതിനാല്‍ ഇയാള്‍ക്കെതിരേ അന്ന് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

രാഹുലിന്റെ സുഹൃത്തുക്കളാണ് വധുവിന്റെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടാന്‍ ഇയാളെ സഹായിച്ചതെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സുഹൃത്തുക്കള്‍ ഇരുവരെയും ബൈക്കില്‍ കാസ്ഗഞ്ച് റെയില്‍വെസ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട രാഹുലിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അയാളുടെ അളിയനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ മദ്രക്കില്‍നിന്നുള്ള പെണ്‍കുട്ടിയായ ശിവാനി എന്ന പെണ്‍കുട്ടിയുമായാണ് രാഹുലിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നത്. ദാദോണ്‍ സ്വദേശിയാണ് രാഹുല്‍. ഏപ്രിലിലേക്കായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇയാള്‍ വധുവിന്റെ അമ്മയുടെയൊപ്പം ഒളിച്ചോടുകയായിരുന്നു.

STORY HIGHLIGHTS :  groom-has-threatened-his-father-in-law-with-a-stern-message-to-forget-about-his-wife