സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വ്‌ളോഗര്‍ തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് നിഹാല്‍ പോലീസ് കസ്റ്റഡിയില്‍. തൊപ്പിക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവം. തര്‍ക്കത്തിനിടെ നിഹാല്‍ ഇവര്‍ക്ക് നേരേ ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ ചൂണ്ടിയെന്നാണ് ആരോപണം. എന്നാല്‍ പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന മൂന്നു പേരെയും വിട്ടയച്ചതായി പോലീസ് പറഞ്ഞു. ശരത് എസ് നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍.
ഇന്ന് വൈകീട്ടായിരുന്നു സംഭവം. വടകര – കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു മുഹമ്മദ് നിഹാല്‍. കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാന്റില്‍ എത്തി. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരാതിയില്ലാത്തതിനാല്‍ സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
STORY HIGHLIGHTS : vlogger thoppi muhammed nihal is in custody at kozhikode