Kerala

തനിക്കെതിരെ നടന്നത് ഗൂഢാലോചന; ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് കെ.എം എബ്രഹാം | KM Abraham sends letter to the CM Pinarayi Vijayan

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് കെ എം എബ്രഹാം കത്തിൽ ആരോപിച്ചു

സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണ ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കിഫ്ബി സിഇഒ കെ എം എബ്രഹാം. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് കെ എം എബ്രഹാം കത്തിൽ ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഗൂഢാലോചന അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഹർജിക്കാരനായ ജോമോൻ പുത്തൻപൂരയ്ക്കൽ ആണ് ഗൂഢാലോചനയിലെ പ്രധാനിയെന്നും ജോമോനൊപ്പം രണ്ടു പേർക്ക് കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കത്തിൽ ആരോപിക്കുന്നു. ഗൂഢാലോചനയുടെ തെളിവുണ്ടെന്നും കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് കെ.എം എബ്രഹാമിൻ്റെ നീക്കം. ഇതിനായി അഭിഭാഷമാരുമായി ആശയ വിനിമയം നടത്തി. തന്റെ വാദം കേട്ടിലെന്ന എബ്രഹാമിന്റ് നിലപാടിനൊപ്പമാണ് സംസ്ഥാന സര്‍ക്കാരും. കിഫ്ബി സിഇഒ കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ആധാരമായ പ്രാധാന കാരണങ്ങളില്‍ ഒന്നാണ് കൊല്ലം കടപ്പാക്കടയിലെ വാണിജ്യസമുച്ചയം.

കെട്ടിടത്തില്‍ എബ്രഹാമിനും ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതാണ് കേസിൽ നിർണായകമായത്. എന്നാല്‍ സഹോദരന്‍മാര്‍ക്കൊപ്പം കെട്ടിടം പണിയാനുണ്ടാക്കിയ ധാരണാപത്രം കോടതി പരിഗണിച്ചില്ലെന്നാണ് കെഎം എബ്രഹാമിന്‍റെ വിമര്‍ശനം. കോടതി വിധിയനുസരിച്ച് രാജിവെച്ചാൽ അത് ഹർജിക്കാരനും ആരോപണം ഉന്നയിച്ചവരും പറയുന്നത് ശരിയാണ് എന്ന് വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടുതന്നെ രാജിവെക്കില്ല. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രി തീരുമാനം പറഞ്ഞാൽ കിഫ്ബി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് പരിഗണിക്കാമെന്നും ഏത് അന്വേഷണത്തെയും നേരിടാമെന്നും കെ.എം. എബ്രഹാം പറയുന്നു.

STORY HIGHLIGHTS :  KM Abraham sends letter to the CM Pinarayi Vijayan