വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 65 ഓളം ഹർജികളാണ് കോടതിക്കും മുമ്പാകെയുള്ളത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം. നിയമത്തെ ചോദ്യം ചെയ്ത് മുസ്ലിം സംഘടനകള്‍, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ആം ആദ്മി, സമസ്ത തുടങ്ങി ഒട്ടേറെ കക്ഷികൾ ഹർജി നൽകിയിട്ടുണ്ട്.
അതേസമയം, നിയമം റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന 6 സംസ്ഥാനങ്ങളും ഹിന്ദു സേനയടക്കമുള്ളവരും ഹർജികളിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഹർജികളിൽ സുപ്രീംകോടതിയെടുക്കുന്ന തീരുമാനം കേന്ദ്രസർക്കാരിനും നിർണായകമാണ്.