Kerala

അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം; വനം വകുപ്പില്‍ താല്‍ക്കാലിക ജോലി

അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്കാണ് ധനസഹായം നല്‍കുക.

ഈ സംഭവത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ (20) എന്നയാളും മരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര ധനസഹായമായി നിലവില്‍ അഞ്ച് ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജനകീയ ഹര്‍ത്താല്‍ ആരംഭിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ആതിരപ്പള്ളിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Latest News