Kerala

നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപം; ദിവ്യയ്ക്ക് പിന്തുണയുമായി കെകെ രാ​ഗേഷ്.

വിവാദം അനാവശ്യമെന്ന് രാ​ഗേഷ് പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് നിലപാട് ദൗർഭാ​ഗ്യകരമെന്ന് പറഞ്ഞ രാ​ഗേഷ് നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമർശിച്ചു.

 

അഭിനന്ദന വിവാദത്തിൽ ദിവ്യയെ പിന്തുണച്ച് കെകെ രാ​ഗേഷ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചു. ഇത് കോൺ​ഗ്രസിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സന്ദർഭത്തിലാണ് ദിവ്യയ്ക്ക് പിന്തുണയുമായി രാ​ഗേഷ് എത്തുന്നത്. വിവാദം അനാവശ്യമെന്ന് രാ​ഗേഷ് പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് നിലപാട് ദൗർഭാ​ഗ്യകരമെന്ന് പറഞ്ഞ രാ​ഗേഷ് നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമർശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃതമനസ്സുള്ളവരാണെന്നും രാ​ഗേഷ് കുറ്റപ്പെടുത്തി.
ഇന്നലെ ഇൻസ്റ്റഗ്രാം പോസ്റ്റ് വിവാദമായ ഘട്ടത്തിൽ ദിവ്യക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ഘടകം രംഗത്ത് വന്നിരുന്നു. എകെജെ സെൻ്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓർക്കണമെന്നായിരുന്നു പ്രതികരണം. ഇതിനോട് ദിവ്യ പ്രതികരിക്കുകയും ചെയ്തു. താൻ പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നുള്ള കാര്യമാണെന്നും ഒരാളെ കുറിച്ച് നല്ലത് പറയുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നുമായിരുന്നു ദിവ്യ എസ് അയ്യരുടെ ചോദ്യം.

വിഷയത്തിൽ ഇന്നലെ മുതൽ വിവാദം ശക്തമാണെങ്കിലും കൂടുതൽ പ്രതികരിച്ച് വഷളാക്കേണ്ടെന്ന നിലയിലാണ് കോൺഗ്രസ് നേതാക്കൾ എത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ കെ രാഗേഷ് ഇന്നലെയാണ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. കർണന് പോലും അസൂയ തോന്നും വിധം കെകെആർ കവചം, കഠിനാധ്വാനത്തിൻ്റെ മഷിക്കൂട്, വിശ്വസ്തതയുടെ പാഠപുസ്തകം എന്നിങ്ങനെയായിരുന്നു കെകെ രാഗേഷും മുഖ്യമന്ത്രിയും ഒപ്പം നിൽക്കുന്ന ചിത്രം അടക്കം പോസ്റ്റ് ചെയ്ത് ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.