തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. തന്റെയുളളില്‍ തിരിച്ചറിവിന്റെ പ്രകാശം പരന്നെന്നും സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്കാണെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അച്ചടക്ക നടപടിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് അപേക്ഷിച്ചിട്ട് 6 മാസമാവുകയാണെന്നും താന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിംഗും സ്ട്രീമിംഗുമുള്‍പ്പെടെ സുതാര്യമായ ഹിയറിംഗിന് അപേക്ഷിച്ചതെന്നും എന്‍ പ്രശാന്ത് പറഞ്ഞു. ആദ്യം അത് അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെ ലഭിച്ചെന്നും ആറ് മാസത്തിനുശേഷമാണെങ്കിലും തന്നെ കേള്‍ക്കാന്‍ സന്മനസുണ്ടായത് തന്നെ വല്യ കാര്യമെന്നും പ്രശാന്ത് പരിഹസിച്ചു.
ഇതേവിഷയം താനിനി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ കൊണ്ടുപോയാല്‍ അവിടെ നടപടികള്‍ സുതാര്യമായി കാണാം. ഓപ്പണ്‍ കോര്‍ട്ട് ആണ്. ഇതേ കേസ് ഹൈക്കോടതിയില്‍ കൊണ്ടുപോയാല്‍ അവിടെയും ലൈവായി കാണാം. സുപ്രീംകോടതിയില്‍ കേസെത്തിയാല്‍ അവിടെയും സുതാര്യമായി നടപടികള്‍ ആര്‍ക്കും കാണാം. എന്റെ ഉളളില്‍ പ്രകാശം പരന്നു. തിരിച്ചറിവ് വന്നു. SC യെക്കാള്‍ പവര്‍ CS നാണ്’: എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.