Kerala

അര്‍ഹരെ കണ്ടെത്തണ്ടേ ?: പത്മ പുരസ്‌കാരങ്ങള്‍ക്ക് പരിശോധനാ സമിതി രൂപീകരിച്ചു: മണ്ണ് പരിശോധിക്കാനുള്ള കരട് നയ രൂപരേഖക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി

2026 ലെ പത്മ പുരസ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനുമായി മന്ത്രി സജി ചെറിയാന്‍ കണ്‍വീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരായ കെ. രാജന്‍, കെ. കൃഷണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, കെ.ബി. ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളും ചീഫ് സെക്രട്ടറി സെക്രട്ടറിയുമാകും. മന്ത്രിസഭയുടെ മറ്റ് തീരുമാനങ്ങള്‍

  • ഭൂമി അനുവദിക്കും

സെറിബ്രല്‍ പാള്‍സി ബാധിതനായ രതീഷിന് വീട് നിര്‍മ്മിക്കാന്‍ കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്ക വില്ലേജില്‍ 6 സെന്റ് ഭൂമി അനുവദിക്കും. അപേക്ഷകന്റെ പിതാവിന്റെ പേരിലുള്ള ഭൂമി സര്‍ക്കാരിലേക്ക് വിട്ടൊഴിയുന്നതിന് പകരമായാണ് യാത്രാ സൗകര്യമുള്ള ഭൂമി അനുവദിക്കുന്നത്. മാതാവ് കൗസല്യയുടെ പേരിലാണ് ഭുമി പതിച്ച് നല്‍കുക. മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ചാണ് ഭൂമി കൈമാറുന്നത്.

  • നിയമനം

കെ വി ബാലകൃഷ്ണന്‍ നായരെ മലബാര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കും. കേരള പബ്ലിക്ക് എന്റര്‍പ്രൈസസ് ( സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോര്‍ഡ് ലഭ്യമാക്കിയ സെലക്ട് ലിസ്റ്റില്‍ നിന്നാണ് നിയമനം. എറണാകുളം കീഴില്ലം സ്വദേശിയാണ്.

  • ശമ്പളപരിഷ്‌കരണം

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ ഓഫീസര്‍മാരുടെ 01.01.2020 മുതല്‍ 5 വര്‍ഷത്തേക്കുള്ള ശമ്പളപരിഷ്‌കരണം നടപ്പിലാക്കും.

  • മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി

കടയനിക്കാട് സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നും എട്ട് കുടുംബങ്ങള്‍ക്ക് നല്‍കിയ വസ്തുവും വീടും ദാനാധാരമായി രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കും.

  • സാധൂകരിച്ചു

കേരള സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ 10-ാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കിയ നടപടി സ്‌പോര്‍ട്സ് കൗണ്‍സില്‍ നല്‍കിയ സ്പഷ്ടീകരണത്തിന്റെ അടിസ്ഥാനത്തില്‍ സാധൂകരിച്ചു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സ്‌പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ലഭ്യമായ സ്റ്റേറ്റ്മെന്റ്‌റ് പ്രകാരം 11,28,15,304 രൂപ അനുവദിക്കാന്‍ അനുമതി നല്‍കി.

  • കരട് നയ രൂപരേഖ അം​ഗീകരിച്ചു

സംസ്ഥാനത്തെ ദേശീയ പാതയുടെ വിവിധ ഭാഗങ്ങളുടെ വികസനത്തിനായി ദേശീയപാത അതോറിറ്റി കരാര്‍ നല്‍കിയിട്ടുള്ള ഏജന്‍സികള്‍ക്ക് സംസ്ഥാനത്തെ 11 ജലാശയങ്ങളില്‍ നിന്നും മണ്ണ് ഡ്രെഡ്ജ് ചെയ്ത് നീക്കം ചെയ്യുന്നതിനും അപ്രകാരം ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് സാധാരണ മണ്ണാണോ എന്ന് വിലയിരുത്തി ഹൈവേയുടെ വികസനത്തിനും നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നതിനുമുള്ള പരിമിതമായ അവകാശങ്ങള്‍ നല്‍കുന്നതിനുമുള്ള കരട് നയ രൂപരേഖ അംഗീകരിച്ചു.

CONTENT HIGH LIGHTS;Need to find a person?: Inspection committee formed for Padma awards: Cabinet meeting approves draft policy for soil testing