കൊച്ചി: ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 39.6 ശതമാനം വര്‍ധിച്ച് 1189 കോടി രൂപയിലും പുതിയ ബിസിനസിന്റെ മൂല്യം 6.4 ശതമാനം വര്‍ധിച്ച് 2370 കോടി രൂപയിലും എത്തി. ഇക്കാലയളവില്‍ പുതിയ റീട്ടെയില്‍ ബിസിനസ് രംഗത്തെ പരിരക്ഷ തുകയുടെ കാര്യത്തില്‍ 37 ശതമാനമാണ് വര്‍ധനവ്. ഓഹരിയൊന്നിന് 0.85 രൂപയുടെ അന്തിമ ഡിവിഡന്റ് നല്‍കാനും കമ്പനി തീരുമാനിച്ചു.
കമ്പനിയുടെ ആകെ വാര്‍ഷിക പ്രീമിയം വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വളര്‍ച്ചയോടെ 10,407 കോടി രൂപയിലെത്തി. പരിരക്ഷാ വിഭാഗത്തിലെ റീട്ടെയില്‍ ബിസിനസ് 25.1 ശതമാനം വളര്‍ച്ചയോടെ 2025 സാമ്പത്തിക വര്‍ഷത്തില്‍ 598 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
തങ്ങളുടെ ആകെ വാര്‍ഷിക പ്രീമിയം തുക ഇതാദ്യമായി പതിനായിരം കോടി രൂപ എന്ന നാഴികക്കല്ലു പിന്നിട്ടതില്‍ സന്തോഷിക്കുന്നതായി ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അനൂപ് ബഗ്ചി പറഞ്ഞു. 2025 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം തങ്ങള്‍ ഒന്‍പതു കോടിയില്‍പരം ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടുണ്ട്. വിവിധ ചാനലുകളിലായുള്ള തങ്ങളുടെ വിതരണ സംവിധാനം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ പദ്ധതികള്‍ അവതരിപ്പിക്കാന്‍ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
Content highlight: ICICI Prudential Life Insurance’s net profit rises 39.6 percent