കൊല്ലം പൂരത്തിൽ ആർ എസ് എസ് സ്ഥാപകനായ ഹെഡ്ഗേവാറിൻ്റെ ചിത്രo ഉപയോഗിച്ചതിൽ കേസെടുത്ത് പൊലീസ്. പൂരത്തിനിടയിൽ കുടമാറ്റത്തിനാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉപയോഗിച്ചിരുന്നത്. റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4 ,5 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ നടന്ന പൂരത്തിലെ കുടമാറ്റത്തിലാണ് ആർ എസ് എസ് സ്ഥാപകൻ ഹെഡ്ഗോവാറിൻ്റെ ചിത്രം ഇടം പിടിച്ചത്.
നവോത്ഥാന നായകരുടെ ചിത്രത്തിന് ഒപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം കുടമാറ്റത്തിൽ ഉയർന്നത്. ശ്രീനാരായണ ഗുരു, ബി ആർ അംബേദ്കർ, അയ്യങ്കാളി തുടങ്ങിയവരുടെ ചിത്രത്തിനൊപ്പമാണ് ആർഎസ്എസ് നേതാവിൻ്റെ ചിത്രവും കുടമാറ്റത്തിൽ ഇടംപിടിച്ചത്. സച്ചിൻ ടെൻഡുൽക്കറുടെ ചിത്രവും ശിവജിയുടെ ചിത്രവും കുടമാറ്റത്തിൽ ഇടം പിടിച്ചിരുന്നു.സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ക്ഷേത്രത്തിലെ ആചാരചടങ്ങുകൾക്കിടെ രാഷ്ട്രീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത് എന്ന് ചൂണ്ടികാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
STORY HIGHLIGHTS : Police register case after Hedgewar’s picture with renaissance leaders at Kudamattam