റസ്റ്ററന്റിൽ കിട്ടുന്ന രുചിയിൽ വീട്ടിലൊരുക്കാം സൂപ്പർ ഗാർലിക് ചിക്കൻ.
ചേരുവകൾ
ചിക്കൻ -500 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് – 2 1/2 ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1/2 ടീസ്പൂൺ
കുരുമുളക് പൊടിച്ചത്- 1/2 ടീസ്പൂൺ
വിനാഗിരി – 1 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ
മൈദ – 1 ടേബിൾ സ്പൂൺ
കാപ്സിക്കം അരിഞ്ഞത് – 2 എണ്ണം
കാരറ്റ് അരിഞ്ഞത് – 2 എണ്ണം
സ്പ്രിങ് ഒണിയൻ അരിഞ്ഞത് – 1/4 കപ്പ്
ടൊമാറ്റോ സോസ് – 3 ടേബിൾ സ്പൂൺ
സോയ സോസ് – 1 1/2 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി എടുത്തിരിക്കുന്ന ചിക്കൻ കഷ്ണങ്ങളിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്തു നന്നായൊന്ന് തിരുമ്മി യോജിപ്പിച്ച് 10 മിനിറ്റ് മാറ്റിവയ്ക്കാം. അതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവറും ഒരു ടേബിൾ സ്പൂൺ മൈദയും ചേർത്തു നന്നായി കോട്ട് ചെയ്തെടുക്കാം. ഒരു ഫ്രൈയിങ് പാൻ അടുപ്പത്ത് വച്ച് ആവശ്യത്തിനു എണ്ണയൊഴിച്ച് നന്നായി ഫ്രൈ ചെയ്തെടുക്കാം. ചിക്കൻ ഫ്രൈ ചെയ്തെടുത്ത എണ്ണയിലേക്കു തന്നെ അരിഞ്ഞെടുത്തിരിക്കുന്ന വെളുത്തുള്ളി രണ്ട് ടേബിൾ സ്പൂൺ ഇട്ടുകൊടുക്കാം. ഇതിലേക്ക് സ്പ്രിങ് ഒണിയൻ വെളുത്ത ഭാഗം അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ കൂടി ഇട്ടു കൊടുക്കാം. ഇത് നന്നായിട്ട് ഒന്നിളക്കി കൊടുക്കാം. ഇനി ഇതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ടൊമാറ്റോ സോസ്, സോയാസോസ്, വിനാഗിരി, ഉപ്പ് എന്നിവ ചേർത്തു നന്നായൊന്ന് ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ ഒരു കപ്പ് വെള്ളത്തിൽ നന്നായി യോജിപ്പിച്ച് നന്നായി ഇളക്കി കൊടുക്കാം. ഒരു വിധം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കം, കാരറ്റ് എന്നിവ ചേർത്ത് ഇളക്കി കൊടുക്കാം ഇനി ഇതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കാം. എല്ലാംകൂടി നന്നായി ഒന്ന് ഇളക്കി അഞ്ചു മിനിറ്റ് മൂടിവച്ച് ഒന്ന് വേവിച്ചെടുക്കാം. ഇനി ഇതൊരു സെർവിങ് ബൗളിലേക്കു മാറ്റാം.
Content Summary : garlic chicken