ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജികളിൽ വാദം പൂർത്തിയാകുന്നത് വരെ നടപടികളിലേക്ക് പോകരുതെന്ന് കാട്ടി മൂന്നു നിർദേശങ്ങളാണ് ഇന്നലെ സുപ്രീംകോടതി മുന്നോട്ടുവച്ചത്.
നിലവിലെ വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്നും എക്സ് ഒഫീഷ്യോ അംഗങ്ങളൊഴികെ വഖഫ് ബോർഡിലെയും കൗണ്സിലിലെയും മുഴുവൻ അംഗങ്ങൾ മുസ്‌ലിം ആയിരിക്കണമെന്ന നിർണായക നിർദേശവും കോടതി മുന്നോട്ടു വച്ചു. കതർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി ഇന്നലെ എതിർത്തിരുന്നു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാൽ വഖഫ് സ്വത്തിന്‍റെ സ്വഭാവം കേസിൽ അന്തിമ തീർപ്പുവരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിർദ്ദേശങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്‍റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് രണ്ടു മണിക്കാണ് വാദം തുടങ്ങുന്നത്.