Food

ലഞ്ച് ബോക്‌സില്‍ കൊടുത്തുവിടാൻ ഒരു കിടിലൻ ഐറ്റം; രുചികരമായ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി തയ്യാറാക്കാം

ലഞ്ച് ബോക്‌സില്‍ കൊടുത്തുവിടാൻ ഒരു കിടിലൻ ഐറ്റം തയ്യാറാക്കിയാലോ? ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സ്‌പെഷല്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയുടെ റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ഉരുളകിഴങ്ങ് – 2 എണ്ണം
  • വെളിച്ചെണ്ണ – 2.5 ടേബിള്‍ സ്പൂണ്‍
  • കടുക് – അര ടീസ്പൂണ്‍
  • വറ്റല്‍ മുളക് – 2 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • ചെറിയ ഉള്ളി – 25 എണ്ണം
  • മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
  • കാശ്മീരി മുളക് പൊടി – 1.5 ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • ഗരം മസാല – 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകിയെടുക്കണം. കഴുകിയെടുത്ത ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം. ശേഷം ഒരു പാന്‍ എടുത്ത് അതിലേക്ക് രണ്ടര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അര ടീസ്പൂണ്‍ കടുകും രണ്ട് വറ്റല്‍ മുളകും കുറച്ച് കറിവേപ്പിലയും ചേര്‍ക്കാം. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ 25 ചെറിയ ഉള്ളി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം. ഇത് ഒരു ഗോള്‍ഡന്‍ കളര്‍ ആവുന്നത് വരെ വഴറ്റിയെടുക്കാം. ശേഷം അരിഞ്ഞു വെച്ച 2 ഉരുളകിഴങ്ങ് ചേര്‍ത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യമായ പൊടികള്‍ ചേര്‍ക്കണം.

അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, ഒന്നര ടീസ്പൂണ്‍ കാശ്മീരി മുളക് പൊടി, കാല്‍ ടീസ്പൂണ്‍ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കാം. ഇത് ചെറിയ തീയില്‍ രണ്ട് മിനിറ്റ് അടച്ചു വെക്കാം. ശേഷം തുറന്ന് ഇളക്കി കൊടുത്ത് വീണ്ടും ഒന്നര മിനിറ്റ് അടച്ചു വെച്ച് വേവിച്ചെടുക്കാം. ഇങ്ങനെ കുറച്ച് നേരം തുടര്‍ച്ചയായി ചെയ്ത് കൊടുക്കാം. അങ്ങനെ ഉരുളക്കിഴങ്ങ് വെന്ത് വന്നാല്‍ സ്റ്റവ് ഓഫ് ചെയ്യാം. ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി റെഡി.