ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ഉപേക്ഷിച്ചു പോയ പിഞ്ചോമനയെ ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു അവർ രംഗത്ത്. കൊച്ചിയിലെ ആശുപത്രിയിൽ പ്രസവ ശേഷം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു ഇവർ. ശിശുക്ഷേമസമിതിയുടെ സംരക്ഷണനയിലാണ് കുഞ്ഞ് ഇപ്പോഴുളളത്. മാതാപിതാക്കൾ കുഞ്ഞിനെ വീഡിയോ കോളിലൂടെ കണ്ടു. ഇവർ കുഞ്ഞിനെ തേടി വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആശുപത്രിയിലെ ഭീമമായ ബില്ലാണ് കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ കാരണമെന്നാണ് ഇവർ പറയുന്നത്.
രണ്ട് മാസമായി കുഞ്ഞിന്റെ മാതാപിതാക്കൾക്കായുളള അന്വേഷണത്തിലായിരുന്നു പൊലീസ്, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് കഴിഞ്ഞയാഴ്ച കൊച്ചിയിൽ ഓൾ ഇന്ത്യാ പൊലീസ് ബാറ്റ്മിന്റൺ ടൂർണമെന്റ് നടന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ ജാർഖണ്ഡുകാരായ പൊലീസുകാരോട് ഈ വിവരം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ജാർഖണ്ഡ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കണ്ടെത്താൻ സാധിച്ചത്.
റാഞ്ചിക്കടുത്തുള്ള ലോഹാർഡഗ സ്വദേശികളായ മംഗലേശ്വരും രഞ്ജിതയുമാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. കുഞ്ഞ് മരിച്ചെന്ന ധാരണയിലായിരുന്നു ഇരുവരും. വിവരം അറിയിച്ചതോടെ കുഞ്ഞിനെ ഏറ്റെടുക്കാമെന്നും ഇവർ അറിയിച്ചു. ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻ കുഞ്ഞിനെ വീഡിയോ കോളിലൂലെട കാണണമെന്നായി. നിധി എന്ന് പേരിട്ട് കഴിഞ്ഞ വ്യാഴാഴ്ച ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുഞ്ഞ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലായിരുന്നു. ഒടുവിൽ ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്റെ അനുവാദത്തോടെ പൊലീസ് കുഞ്ഞിനെ വീഡിയോ കോളിലൂടെ അച്ഛനമ്മമാർക്ക് കാണിച്ചുകൊടുത്തു.
ആശുപത്രി ചോദിച്ച രണ്ട് ലക്ഷം രൂപ നൽകാൻ സാധിക്കാതെ വന്നതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് ഇരുവരും കടന്നതെന്ന് പൊലീസിനെ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ അച്ഛനമമ്മാര്‍ ഉടന്‍ കേരളത്തിലെത്തുമെന്ന പ്രതീക്ഷിയിലാണ് അന്വേഷണസംഘം. എത്തിയില്ലെങ്കിൽ ജാർഖണ്ഡിൽ പോയി ഇരുവരെയും കസ്റ്റിഡിയെലുടുക്കും. നാട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായാലും ദമ്പതികളുടെ ജീവിത സാഹചര്യവും കൂടി പരിഗണിച്ചേ കുഞ്ഞിനെ കൈമാറൂ എന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്.
Content highlight: Jharkhand couples