കൊലവിളി പ്രസംഗത്തിൽ കേസെടുക്കണമെന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപിക്കൊപ്പം ചർച്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കൊപ്പം അടച്ചിട്ട മുറിയിൽ ചായയും ബിസ്കറ്റും കഴിക്കാനില്ലെന്ന് പറഞ്ഞ രാഹുൽ ഇങ്ങനെയാണോ പൊലീസ് പ്രശ്നം പരിഹരിക്കേണ്ടതെന്നും ചോദിച്ചു. സർവകക്ഷി യോഗത്തിന് തയ്യാറാണ്. കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ നിയമം നടപ്പാക്കുകയാണ് പൊലീസ് വേണ്ടതതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. പാലക്കാട്ടെ കൊലവിളി പ്രസംഗവും അക്രമവും തടയാൻ കോൺഗ്രസിനെയും ബി.ജെ.പിയെയും ചർച്ചക്ക് ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽപിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടിവരുമെന്നും ബിജെപി ജില്ല ജനറൽ സെക്രട്ടറി എ കെ ഓമനക്കുട്ടൻ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. കൂടാതെ ബിജെപി നടത്തിയ പ്രകടനത്തിലും എംഎൽഎക്കും സന്ദീപ് വാര്യർക്കുമെതിരെ കൊലവിളി നടത്തിയിരുന്നു. ഇതേതുടർന്നാണ് പൊലീസ് ചർച്ചക്ക് വിളിച്ചത്.