Kerala

മുഖ്യമന്ത്രി എന്തുകൊണ്ട് മുനമ്പത്ത് പോയില്ല? പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരെന്ന് കുമ്മനം രാജശേഖരൻ

മുനമ്പം വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. മുനമ്പത്ത് നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ പറ്റില്ല. നീതിയാണ് ആവശ്യം അത് കിട്ടേണ്ടത് നീതിന്യായപീഠത്തിൽ നിന്നാണ്. മൂന്നുമാസത്തിനകം ചട്ടങ്ങൾ ഉണ്ടാക്കും. ആശയക്കുഴപ്പമുണ്ടാക്കുന്നത് എൽഡിഎഫ്, യുഡിഎഫ് സംഘടനകളാണെന്ന് അദ്ദേഹം ആരോപിച്ചു.

ക്രൈസ്തവ സഭയെ ബിജെപിക്ക് എതിരാക്കുകയാണ് ലക്ഷ്യമെന്നും പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്തുകൊണ്ട് മുനമ്പത്ത് പോയില്ല എന്നും അദ്ദേഹം ചോദിച്ചു. റവന്യൂ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും റവന്യൂ അധികാരങ്ങൾ ചെയ്തു കൊടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും കുമ്മനം വ്യക്തമാക്കി. അതും കേന്ദ്രമന്ത്രി വ്യക്തമായി പറഞ്ഞു. മുനമ്പത്തേത് വക്കഫ് ഭൂമി ആണോ ? ഒറ്റ ചോദ്യം മാത്രം. പിണറായി മറുപടി പറയണം, സതീശൻ മറുപടി പറയണം. കുഞ്ഞാലിക്കുട്ടി പറയുന്നത് ആണ് ഇവരെല്ലാം പറയുന്നത്. ബിജെപി മാത്രമാണ് മുനമ്പത്തത് വക്കഫ് ഭൂമി അല്ലെന്നു പറഞ്ഞതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

അതേ സമയം, മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണം വെറും ആത്മഹത്യ ആയി എഴുതിത്തള്ളാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. കേസിൽ സിബിഐ അന്വേഷണം അനിവാര്യമാണ്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ട്. സിപിഎമ്മിന്റെ ഉന്നത തലങ്ങളിൽ വലിയ ഗൂഢാലോചന നടന്നു. നവീൻ ബാബുവിൻ്റേത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. എന്നാൽ മരണവുമായി ബന്ധപ്പെട്ടുള്ള പലരേയും പോലീസ് ചോദ്യം ചെയ്യുന്നില്ല. നവീൻ ബാബുവിന്റെ ഡ്രൈവറെ ചോദ്യം ചെയ്തിട്ടില്ല. കണ്ണൂരിലെ സിപിഎം നേതാക്കളുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ മറ നീക്കി പുറത്തു കൊണ്ടുവരണം. സിബിഐ അന്വേഷണം വന്നാൽ ഇതെല്ലാം പുറത്തു വരുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

Latest News