Kerala

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോഡ് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് നിര്‍വഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍,കെ കൃഷ്ണന്‍കുട്ടി,എ കെ ശശീന്ദ്രന്‍,രാമചന്ദ്രന്‍ കടന്നപ്പള്ളി,കെ ബി ഗണേഷ് കുമാര്‍,പ്രതിപക്ഷനേതാവ് വി ഡി സതീശന്‍,എം രാജഗോപാലന്‍ എം എല്‍ എ,രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, ജെ ചിഞ്ചു റാണി, ജി ആര്‍ അനില്‍, എം ബി രാജേഷ്, വി ശിവന്‍കുട്ടി, ഒ.ആര്‍ കേളു, വീണാ ജോര്‍ജ്, ആര്‍ ബിന്ദു, വി അബ്ദുറഹ്മാന്‍, എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍,സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്,എ കെ എം അഷ്റഫ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍,ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മനു,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ,പിലിക്കോട് ഡിവിഷന്‍ അംഗം എം ബി സുജാത,പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി,വാര്‍ഡ് മെമ്പര്‍ പി രേഷ്മ എന്നിവര്‍ സന്നിഹിതരാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ ചടങ്ങിന് നന്ദി അറിയിക്കും.

ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല,മേഖലാതല യോഗങ്ങള്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം. പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല കമ്മിറ്റികളുടെ ചെയര്‍മാന്‍ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയാണ്. കോ ചെയര്‍മാന്‍ ജില്ലയിലെ മന്ത്രിയും ജനറല്‍ കണ്‍വീനര്‍ ജില്ലാ കളക്ടറും കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമാണ്. ജില്ലയിലെ എം.പിമാര്‍,എം.എല്‍.എമാര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,പരിപാടി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ / അധ്യക്ഷ,വാര്‍ഡ് മെമ്പര്‍,വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങള്‍ ഏപ്രില്‍ 21 ന് കാസര്‍ഗോഡും ഏപ്രില്‍ 22 ന് വയനാടും ഏപ്രില്‍ 24ന് പത്തനംതിട്ടയിലും ഏപ്രില്‍ 28 ന് ഇടുക്കിയിലും ഏപ്രില്‍ 29 ന് കോട്ടയത്തും മെയ് 5 ന് പാലക്കാടും മെയ് 6 ന് ആലപ്പുഴയിലും മെയ് 7 ന് എറണാകുളത്തും മെയ് 9 ന് കണ്ണൂരും മെയ് 12 ന് മലപ്പുറത്തും മെയ് 13 ന് കോഴിക്കോടും മെയ് 14 ന് തൃശ്ശൂരും മെയ് 22 ന് കൊല്ലത്തും മെയ് 23 ന് തിരുവനന്തപുരത്തും നടക്കും.

ജില്ലാതല യോഗത്തില്‍ ക്ഷണിക്കപ്പെട്ട 500 വ്യക്തികള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭാക്താക്കള്‍,ട്രേഡ് യൂണിയന്‍/ തൊഴിലാളി  പ്രതിനിധികള്‍, യുവജനത, വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍,വ്യവസായികള്‍,പ്രവാസികള്‍ സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികള്‍,സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യാഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മേഖലാ അവലോകന യോഗങ്ങളും നടക്കും. പാലക്കാട്,മലപ്പുറം,തൃശൂര്‍ ജില്ലകളുടെ യോഗം മെയ് 8 ന് പാലക്കാട് നടക്കും. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളുടെ യോഗം മെയ് 15 ന് തിരുവനന്തപുരത്തും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്,കോഴിക്കോട് ജില്ലകളുടെ യോഗം കണ്ണൂരില്‍ മെയ് 26 നും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം മെയ് 29 ന് കോട്ടയത്തും നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് യോഗം നടക്കുന്നത്.

എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ 21 മുതല്‍ 27 വരെ കാസര്‍കോട് പിലിക്കോട് കാലിക്കടവ് മൈതാനത്തും ഏപ്രില്‍ 22 മുതല്‍ 28 വരെ വയനാട് കല്‍പറ്റ എസ് കെ എം ജെ സ്‌കൂളിലും ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെ കോട്ടയം നാഗമ്പടം മൈതാനത്തും ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ ഇടുക്കി ചെറുതോണി വാഴത്തോപ്പ് വി എച്ച് എസ് മൈതാനത്തും മെയ് 3 മുതല്‍ 12 വരെ കോഴിക്കോട് ബീച്ചിലും മെയ് 4 മുതല്‍ 10 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിര്‍ വശത്തുള്ള മൈതാനത്തും മെയ് 6 മുതല്‍ 12 വരെ ആലപ്പുഴ ബീച്ചിലും മെയ് 7 മുതല്‍ 13 വരെ മലപ്പുറം കോട്ടക്കുന്നിലും മെയ് 8 മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനത്തും മെയ് 11 മുതല്‍ 17 വരെ കൊല്ലം ആശ്രാമം മൈതാനത്തും മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളം മൈതാനത്തും മെയ് 17 മുതല്‍ 23 വരെ എറണാകുളം മറൈന്‍ ഡ്രൈവിലും തിരുവനന്തപുരം കനകകുന്നിലും മെയ് 18 മുതല്‍ 24 വരെ തൃശ്ശൂര്‍ സ്വരാജ് ഗ്രൗണ്ടിലെ വിദ്യാര്‍ത്ഥി കോര്‍ണറിലും നടക്കും. വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാന തല സമാപനം മെയ് 23 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.

പ്രദര്‍ശന-വിപണന മേളയുടെ ഏകോപനം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍വഹിക്കും. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ വിപണന സ്റ്റാളുകളുമുണ്ടാവും. വകുപ്പുകളുടെ സ്റ്റാളുകളില്‍ സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കും. 2500 ചതുരശ്ര അടിയില്‍ ഐ&പിആര്‍ഡിയുടെ തീം പവലിയന്‍ ഒരുക്കും. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവരുടെ ഫുഡ് കോര്‍ട്ടുകള്‍,കലാപരിപാടികള്‍,പുസ്തകമേള,കാര്‍ഷിക പ്രദര്‍ശനം,ഹരിത കേരള മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഇന്‍സ്റ്റലഷന്‍ എന്നിവ മേളയുടെ ഭാഗമായി ഉണ്ടാകും. സ്റ്റാര്‍ട്ടപ്പ് മിഷന്‍,ടൂറിസം,കിഫ്ബി,സ്പോര്‍ട്സ് എന്നിവയ്ക്ക് പവലിയനില്‍ പ്രത്യേക ഇടമുണ്ടാവും. കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാവും. പൊലീസിന്റെ ഡോഗ്ഷോ,കാരവന്‍ ടൂറിസം,മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനം എന്നിവ പവലിയന് പുറത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാരുടെ ലൈവ് ഡെമോണ്‍സ്ട്രേഷനും ഒരുക്കുന്നുണ്ട്. ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകള്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങള്‍ പരിപാടിയുടെ ഭാഗമായി നടക്കും. യുവജനക്ഷേമ വകുപ്പ് മേയ് 3 ന് യുവജനക്ഷേമത്തെക്കുറിച്ച് കോഴിക്കോടും മേയ് 11 ന് പ്രൊഫഷണല്‍ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് കോട്ടയത്തും മേയ് 17 ന് പ്രൊഫഷണലുകളുമായുള്ള ചര്‍ച്ച ശാസ്ത്ര സാങ്കേതിക വകുപ്പ് തിരുവനന്തപുരത്തും മേയ് 18 ന് പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമത്തെ അടിസ്ഥാനമാക്കി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് പാലക്കാടും മേയ് 19 ന് സാംസ്‌കാരിക മേഖലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക വകുപ്പ് തൃശ്ശൂരും മേയ് 27ന് വനിതാവികസനത്തെ അടിസ്ഥാനമാക്കി വനിതാവികസന വകുപ്പ് എറണാകുളത്തും യോഗങ്ങള്‍ സംഘടിപ്പിക്കും.

CONTENT HIGH LIGHTS;Government’s fourth anniversary celebration: Kasaragod begins on April 21; Chief Minister to inaugurat