Kerala

എ.കെ-203 തോക്കുകള്‍ വാങ്ങാൻ കേരള പൊലീസ്

പൊലീസ് സേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തോക്കുകള്‍ വാങ്ങാനൊരുങ്ങി കേരള പൊലീസ്. സേനയ്ക്ക് വേണ്ടി 250 എ.കെ-203 തോക്കുകള്‍ വാങ്ങാനാണ് നീക്കം. ഏതാണ്ട് 2.5 കോടി രൂപയുടെ ഇടപാടാണ് നടക്കുക.

കേരള പൊലീസിന്റെ കൈവശമുള്ള ഇന്‍സാസ് അടക്കമുള്ള പഴക്കം ചെന്ന തോക്കുകള്‍ മാറ്റി കൂടുതല്‍ കൃത്യതയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം. മാര്‍ച്ച് 31-നാണ് തോക്കുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ വന്നത്.

സേനയ്ക്ക് വേണ്ടി എ.കെ-203 റൈഫിളുകള്‍ വാങ്ങാനുദ്ദേശിച്ചാണ് ടെന്‍ഡര്‍ വിളിച്ചത്. ഇന്ത്യയില്‍ ഈ തോക്കുകള്‍ നിര്‍മിക്കുന്ന ഒരേയൊരു കമ്പനിയേയുള്ളു. അത് ഐ.ആര്‍.ആര്‍.പി.എല്‍ (ഇന്‍ഡോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്) ആണ്. ടെന്‍ഡറില്‍ പങ്കെടുക്കുമെന്ന് ഐ.ആര്‍.ആര്‍.പി.എല്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി അമേത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍ഡോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ ഇടപാട് നടന്നാല്‍ എ.കെ-203 തോക്കുകള്‍ വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സേനയായി കേരള പൊലീസ് മാറും.

Latest News