സ്ത്രീയുടെ നിയമപരമായ നിർവചനം സംബന്ധിച്ച് നിർണായക വിധിയുമായി യുകെ സുപ്രീംകോടതി. സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ്ജൻഡർ സ്ത്രീകളെ ഒഴിവാക്കി യുകെ സുപ്രീംകോടതി. ഇന്നാണ് കോടതിയുടെ സുപ്രധാന വിധി വന്നത്.2010 ലെ സമത്വ നിയമവും ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് സംരക്ഷണം നൽകണമോ എന്നതും കേന്ദ്രീകരിച്ച് വർഷങ്ങളായി നടന്നിരുന്ന കേസിലാണ് കോടതി വിധി പറഞ്ഞത്. ജന്മനാ സ്ത്രീയായി ജനിക്കുന്നവർക്ക് മാത്രമേ സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ നൽകാവൂ എന്ന് വാദവുമായി സ്കോട് ലാൻഡിൽ നിന്നുള്ള ഒരു കൂട്ടം ആളുകള്‍ കോടതിയെ സമീപിച്ചിരുന്നു.
2018ലാണ് കേസിനാസ്പദമായ സംഭവം. എന്നാൽ ലിംഗ തിരിച്ചറിയൽ കാർഡുള്ള ട്രാന്സ്ജൻഡറിനെ സ്ത്രീ ആയി പരിഗണിക്കുമെന്ന് സ്കോട്ടിഷ് ഗവൺമെന്റ് അന്ന് ഉത്തരവിട്ടിരുന്നു. 2010-ലെ തുല്യതാ നിയമത്തിലെ ‘സ്ത്രീ’, ‘ലൈംഗികത’ എന്നീ പദങ്ങൾ ജൈവിക സ്ത്രീയെയും ജൈവിക ലൈംഗികതയെയും സൂചിപ്പിക്കുന്നുവെന്ന് യുകെ സുപ്രീം കോടതിയുടെ വിധിയിൽ പറയുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ആശങ്ക സൃഷ്ടിക്കുന്ന വിധിയാണ് പുറത്ത് വന്നിരിക്കുന്നതെന്നും വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സേവനങ്ങളിൽ ട്രാൻസ് സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുകെയിലെ ലിംഗ അംഗീകാര നിയമങ്ങൾ മാറ്റിയെഴുതണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്. സ്ത്രീകൾക്കായുളള ആശുപത്രികൾ, സ്പോർട്സ് ക്ലബ്ബുകൾ, വനിതാ അഭയകേന്ദ്രങ്ങൾ എന്നിവ നടത്തുന്നവർക്കും ഈ വിധി വ്യക്തതയും ആത്മവിശ്വാസവും നൽകുമെന്നാണ് യുകെ സർക്കാരിന്റെ പക്ഷം. വിധിയെ വിമർശിച്ചും പിന്തുണച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിട്ടുളളത്.
STORY HIGHLIGHTS : UK supreme court says, Legal definition of woman is based on biological sex