മേലുദ്യോഗസ്ഥരുടെ ഗുണ്ടാബന്ധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ സസ്പെൻഷനിലായ പൊലീസുകാരൻ, ഉപജീവനപ്പടി പോലും അനുവദിക്കാത്തതിനാൽ പത്തനംതിട്ട എസ്.പിക്ക് 10,000 രൂപ കടം ചോദിച്ച് കത്തയച്ചു. കോഴിക്കോട് സ്വദേശിയും ആറന്മുള സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറുമായ ഉമേഷ് വള്ളിക്കുന്നാണ് എസ്.പിക്ക് കത്തെഴുതിയത്. ഡി.ജി.പിക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. നിയമപ്രകാരം ലഭിക്കേണ്ട ഉപജീവനപ്പടി തടഞ്ഞുവയ്ക്കുകയും ആറ് മാസത്തെ ശമ്പളം കുടിശ്ശികയാക്കുകയും സസ്പെൻഷൻ അനാവശ്യമായി നീട്ടുകയും ചെയ്യുന്നതായി വിഷു ദിനത്തിൽ അയച്ച കത്തിൽ ഉമേഷ് ആരോപിച്ചു.
സസ്പെൻഷൻ നീട്ടുന്നതിന് കാരണക്കാരായ എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഉപജീവനപ്പടി ഈടാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കത്തയച്ച ഉടനെ, തടഞ്ഞുവച്ചിരുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഉപജീവനപ്പടി ഉമേഷിന്റെ അക്കൗണ്ടിൽ എത്തി. എസ്.പിയുടെ വീഴ്ചയാണ് ഈ തടസ്സത്തിന് കാരണമെന്നും കത്തിൽ ആരോപിച്ചിരുന്നു.സഹപ്രവർത്തകരുടെ ഗുണ്ടാബന്ധം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് കത്തെഴുതുകയും അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് 2024 മെയ് 30 മുതൽ ഉമേഷിനെ സസ്പെൻഡ് ചെയ്തത്.
10 മാസമായിട്ടും ആരോപണങ്ങളിൽ അന്വേഷണം നടത്തിയിട്ടില്ല. എസ്.പിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിന് ആരോപണങ്ങൾ തെളിയിക്കാനോ തള്ളാനോ സാധിച്ചിട്ടില്ല.അടിയന്തരമായി അന്വേഷണം നടത്തി തന്നെ ജോലിയിൽ പുനർനിയമിക്കണമെന്നും ചട്ടപ്രകാരമുള്ള അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 2023 നവംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള ശമ്പളവും തടഞ്ഞുവച്ചിരിക്കുന്നത് പൊലീസ് വകുപ്പിന് അപമാനകരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
STORY HIGHLIGHTS: CPO asking superior for Rs 10,000 loan