കൊച്ചി: നടി വിൻസി അലോഷ്യസിനോട് അപമര്യാദയായി പെരുമാറിയ ഷൈൻ ടോം ചാക്കോ കേരളം വിട്ടെന്ന് പൊലീസ്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ തമിഴ്നാട്ടിൽ എന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ മുടി ശേഖരിച്ച് രാസ പരിശോധന നടത്തും. എത്രകാലമായി രാസ ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുക.
കഴിഞ്ഞദിവസം ഡാൻസാഫ് സംഘം എത്തിയപ്പോഴാണ് ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ഓടി രക്ഷപ്പെട്ടത്. താൻ ഒളിവിലല്ലെന്ന് സൂചിപ്പിച്ച് ഷൈൻ ടോം ചാക്കോ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇന്നലെ കൊച്ചിയിലെ ഷൈൻ താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് ഉപയോഗിച്ച് മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോ പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
താൻ എവിടെയാണെന്ന് ചോദിക്കുന്നവരെ പരിഹസിച്ചും ഷൈൻ ഇന്‍സ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വീഡിയോയായിരുന്നു ഷൈൻ പങ്കുവെച്ചത്. ‘ഷൈൻ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവർക്കായി ഇതാ എക്‌സ്‌ക്യൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാൻ എന്ത് പറയാൻ’ എന്ന അടിക്കുറിപ്പോടെയാണ് ഷൈൻ വീഡിയോ പങ്കുവെച്ചത്.
അതേസമയം വിൻസി അലോഷ്യസ് സംഘടനങ്ങൾക്ക് നൽകിയ പരാതി പോലീസിന് കൈമാറിട്ടില്ല. നടിയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം എന്ന് സംഘടനകളുടെ വിശദീകരണം. ലൈഗീക അതിക്രമംവുമായി ബന്ധപെട്ട കാര്യങ്ങൾ പരാതിയിൽ ഇല്ലാത്തതും പോലീസിന് പരാതി കൈമാറാതത്തിന് കാരണം. വിൻസി നൽകിയ പരാതിയിൽ മേൽ ഷൈൻ ടോമിനെതിരെ നടപടി ഉണ്ടാകും. താൽകാലികമായി സിനിമകളിൽ നിന്ന് മാറ്റി നിർത്താനാണ് നീക്കം.