കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ അടക്കമുള്ളവരെ വെറുതെ വിട്ട കോടതി നടപടിയിൽ അപ്പീൽ നൽകാനൊരുങ്ങി പ്രോസിക്യൂഷൻ. ഹൈക്കോടതിയിലാണ് അപ്പീൽ നൽകുക. വിചാരണക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം പ്രൊസിക്യൂഷന്‍ തീരുമാനമെടുക്കും. അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ഷൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി.കേസ് സംശയാതീതമായി തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം നടപടിക്രമങ്ങൾ പാലിച്ച് പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്നും വിചാരണക്കോടതി വിമർശിച്ചു. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞുവെന്നും കോടതി പറഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയില്ല. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോയത്.
2015 ലാണ് കൊക്കയ്‌നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്കൊച്ചിയില്‍ നിശാ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ കലൂര്‍-കടവന്ത്ര റോഡിലെ ഫ്‌ളാറ്റില്‍ നിന്ന് ഷൈനും സുഹൃത്തുക്കളായ ബ്ലെസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായി. ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ പത്ത് പായ്ക്കറ്റ് കൊക്കെയ്ന്‍ കണ്ടെത്തിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞത്. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസായി ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷമായിരുന്നു ഷൈന്‍ പുറത്തിറങ്ങിയത്.