Kerala

വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കൽ തടയണമെന്നാവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീംകോടതിയിൽ

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് ആണ് എൽസ്റ്റൺ എസ്റ്റേറ്റിന്റ വാദം. ഏറ്റെടുക്കുകയാണെങ്കിൽ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ ആവശ്യപ്പെടുന്നു.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അതിനായി 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. 549 കോടി നഷ്ടപരിഹാരം വേണമെന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമി 26.5 കോടി രൂപയ്ക്കാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും ഇതു തീരെ കുറവാണെന്നും 549 കോടി മൂല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെ മൂല്യനിര്‍ണയം നടത്തി ഭൂമി കൈവശം എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ന്യായവില കുറച്ചു എന്നും എസ്റ്റേറ്റ് ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.