കോട്ടയം പേരൂരിൽ മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കിയ മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിസ്മോളുടെ മരണത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ പൊലീസിൽ മൊഴി നൽകി ജിസ്മോളുടെ കുടുംബം. ജിസ്മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർതൃവീട്ടിൽ ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റുതോമസ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. ഭർത്താവ് ജിമ്മി പലപ്പോഴും പണത്തിന്റെ പേരിൽ ജിസ്മോളെ ക്രൂരമായി പീഡിപ്പിച്ചു എന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു. മകളുടെ തലയിലും ശരീരത്തിലും ജിമ്മി മർദ്ദിച്ച പാട് കണ്ടിട്ടുണെന്നും പിതാവ് പറഞ്ഞു. ജിമ്മി ജിസ്മോളുടെ ഫോൺ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നതായും പിതാവ് പറയുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് മുതൽ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ തങ്ങൾ ശ്രമിച്ചിരുന്നുവെന്നും സഹോദരനും മൊഴി നൽകി.
ജിസ്മോളുടെയും പെൺമക്കളുടെയും മൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം എവിടെ നടത്തണം എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്കാരം നടത്തേണ്ടെന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണമെന്നാണ് നിയമം. മൂന്നുപേരുടെയും സംസ്കാരം എവിടെ നടത്തണം എന്നത് സംബന്ധിച്ച് സഭാ തലത്തിൽ ചർച്ചകൾ നടക്കുകയാണ്. കഴിഞ്ഞ ദിവസവും ജിസ്മോളുടെ മരണത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്. എന്നാൽ പെട്ടെന്നുള്ള ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് കുടുംബത്തിനും വ്യക്തമല്ല. മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ വീട്ടിൽ ചിലത് സംഭവിച്ചതായി കുടുംബം സംശയിക്കുന്നു. ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
ഭർതൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്മോളുടെ പിതാവ് പറഞ്ഞു. പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ജിസ്മോൾ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ കണ്ടിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. മുൻപ് ഒരിക്കൽ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നുന്നതായി സഹോദരൻ ജിത്തുവും പറഞ്ഞു. ജിസ്‌മോൾക്ക് ആവശ്യമുള്ള പണം ഭർതൃവീട്ടുകാർ നൽകിയിരുന്നില്ലെന്നും സഹോദരൻ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ കുടുംബമാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം പറയുന്നു. വിദേശത്തായിരുന്ന ജിസ്മോളുടെ പിതാവ് തോമസും സഹോദരൻ ജിത്തുവും ഇന്നലെയാണ് നാട്ടിലെത്തിയത്. മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുൻപ് ആദ്യം വീട്ടിൽ വെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോൾ നടത്തിയിരുന്നു. ഈ സമയം ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റിൽ ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് ജിസ്മോളെയും മക്കളെയും കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
STORY HIGHLIGHTS : Tortured in the name of color and money; Jimmy bought the phone and left it