India

നാഷണല്‍ ഹെറാൾഡ് കേസ്; ഇന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം

ഡൽഹി: നാഷണല്‍ ഹെറാൾഡ് കേസിൽ ‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡൽഹിയില്‍ ചേരും. വൈകീട്ട് നാല് മണിക്ക് പുതിയ കോണ്‍ഗ്രസ് മന്ദിരത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിളിച്ച യോഗം. ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ്‍ യു ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് പ്രധാന അജണ്ട എന്ന് വ്യക്തമാക്കുമ്പോഴും നാഷണല്‍ ഹെറാള്‍ഡ് കേസിലെ തുടര്‍ രാഷ്ട്രീയ സമരങ്ങള്‍ പ്രധാന ചര്‍ച്ചയാകും.

റോസ് അവന്യൂ കോടതിയിലെ നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ഡൽഹി റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്.

സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. കേസ് ഏപ്രിൽ 25ന് പരിഗണിക്കും. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, യങ് ഇന്ത്യൻ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം.