കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടിയതിനെക്കുറിച്ച് ഇഴകീറി ചോദിക്കാനാണ് നീക്കം.
ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ കോളുകളും യാത്രാ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രക്ഷപെട്ട ശേഷം ഷൈൻ താമസിച്ച ഹോട്ടലിലെ സിസിടിവി യും പൊലീസ് എടുത്തിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്.
അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷൈനെ സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്കാണ് ചോദ്യം ചെയ്യുന്നത്. പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതിലാണ് ചോദ്യം ചെയ്യൽ.