ന്യൂഡൽഹി: ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് നാല് പേർ മരിച്ചു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്), ഡൽഹി ഫയർ ഫോഴ്സും, ഡൽഹി പോലീസ് സംഘവും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
നിർമാണത്തിലിരുന്ന ആറ് നില കെട്ടിടത്തിൻ്റെ മതിലാണ് തകർന്നത്. കെട്ടിടത്തില്‍ ഇരുപതോളം ആളുകള്‍ താമസിച്ചിരുന്നുവെന്നാണ് വിവരം. എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും കാറ്റും ഉണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.