ആഗോള അയുധ വിപണിയിലേക്ക് കാലുകുത്താനൊരുങ്ങുകയാണ് നമ്മുടെ രാജ്യം. കുറഞ്ഞ ചിലവിൽ ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ നിർമ്മിച്ച് വിദേശ വിപണിയിലേക്ക് ചുവടുവെക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി, ആയുധ ഇടപാടുകൾക്ക് കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പകൾ നൽകാനുള്ള കേന്ദ്ര ഗവണ്മെൻ്റ് സംരംഭമായ എക്സ്പോർട്ട് ഇമ്പോർട്ട് ബാങ്കിൻ്റെ (EXIM Bank) ശേഷി വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ താൽപ്പര്യമുള്ള രാജ്യങ്ങളുമായി നേരിട്ട് ചർച്ചകൾ നടത്താൻ വിദേശ എംബസികളിൽ പ്രതിരോധ അറ്റാഷെമാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്.
റഷ്യയെ ദീർഘകാലമായി ആയുധങ്ങൾക്കായി ആശ്രയിക്കുന്ന രാജ്യങ്ങളെയാണ് ഇപ്പോൾ ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്. ഉക്രെയ്ൻ യുദ്ധം കാരണം പാശ്ചാത്യ രാജ്യങ്ങളുടെ ആയുധപ്പുരകൾ കാലിയായതും, റഷ്യ സ്വന്തം ആവശ്യങ്ങൾക്ക് മാത്രം ഉത്പാദനം പരിമിതപ്പെടുത്തിയതും ഇന്ത്യക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകിയിട്ടുണ്ട്.
2004-14 കാലഘട്ടത്തിൽ 4,312 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. എന്നാൽ 2014-24 സമയത്ത് ഇത് 21 മടങ്ങ് വർധിച്ച് 88,319 കോടി രൂപയായി ഉയർന്നു.2029 ഓടെ ആയുധ കയറ്റുമതി 6 ബില്യൺ ഡോളറായി ഉയർത്താനാണ് ഭാരതത്തിൻ്റെ ലക്ഷ്യം