സാമ്പത്തിക ദുരുപയോഗ ആരോപണങ്ങള്‍ നേരിടുന്ന ഇലക്ട്രിക് റൈഡ് സ്റ്റാര്‍ട്ടപ്പായ ബ്ലൂസ്മാർട്ടിന്റെ നിക്ഷേപകരിൽ സെലിബ്രിറ്റി നിര തന്നെയുണ്ട്.നിരവധി പ്രമുഖ വ്യക്തികളില്‍ നിന്ന് ബ്ലൂസ്മാര്‍ട്ട് നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം എം.എസ് ധോണി, സിനിമാതാരം ദീപിക പദുക്കോണ്‍, ബജാജ് ഫിന്‍സെര്‍വിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്ന വ്യവസായി സഞ്ജീവ് ബജാജ്, ഫിന്‍ടെക് കമ്പനിയായ ഭാരത്പെയുടെ മുന്‍ സഹസ്ഥാപകനായ അഷ്നീര്‍ ഗ്രോവര്‍ എന്നിവര്‍ ബ്ലൂ സ്മാര്‍ട്ടില്‍ നിക്ഷേപം നടത്തിയവരില്‍ ഉള്‍പ്പെടും.
ദീപിക പദുക്കോണ്‍ 2019 ല്‍ ബ്ലൂസ്മാര്‍ട്ടിനായി 3 മില്യണ്‍ ഡോളര്‍ ഏഞ്ചല്‍ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തിരുന്നു. ബജാജ് ക്യാപിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് ബജാജും ഇതേ റൗണ്ടില്‍ ജിറ്റോ ഏഞ്ചല്‍ നെറ്റ്വര്‍ക്കിനും രജത് ഗുപ്തയ്ക്കും ഒപ്പം നിക്ഷേപം നടത്തി.2024-ല്‍, എംഎസ് ധോണി്, റീന്യൂ പവര്‍ സിഇഒ സുമന്ത് സിന്‍ഹ, സ്വിസ് അസറ്റ് മാനേജ്മെന്‍റ് സ്ഥാപനമായ റെസ്പോണ്‍സ്എബിലിറ്റി ഇന്‍വെസ്റ്റ്മെന്‍റ്സ് എന്നിവരുടെ പങ്കാളിത്തത്തോടെ, ബ്ലൂസ്മാര്‍ട്ട് പ്രീ-സീരീസ് ബി ഫണ്ടിംഗില്‍ 24 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു.ഭാരത്പേ സ്ഥാപകന്‍ അഷ്നീര്‍ ഗ്രോവര്‍ ബ്ലൂസ്മാര്‍ട്ടില്‍ 1.5 കോടി രൂപയാണ് നിക്ഷേപിച്ചത്.
തട്ടിപ്പ് പുറത്തുവന്നതോടെബ്ലൂസ്മാര്‍ട്ടില്‍1.5 കോടി നിക്ഷേപിച്ച ഇരയാണ് താനെന്നും നിലവിലെ പരാജയത്തെ അതിജീവിക്കാന്‍ ബ്ലൂ സമാര്‍ട്ടിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് ഗ്രോവര്‍ പ്രതികരിച്ചത്. അതേസമയം ആരോപണങ്ങളെ തുടർന്ന് ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ബുക്കിംഗുകള്‍ ബ്ലൂ സ്മാര്‍ട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.ഡല്‍ഹി വിമാനത്താവളത്തിലും ഡല്‍ഹിയുടെയും ഗുരുഗ്രാമിന്‍റെയും വിവിധ ഭാഗങ്ങളിലും യാത്ര ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിച്ചത്.
ബ്ലൂ സ്മാര്‍ട്ടിന് വേണ്ടി വാഹനങ്ങള്‍ വാങ്ങുന്ന ജെന്‍സോള്‍ എന്ന കമ്പനി 200 കോടിയിലധികം ദുരുപയോഗം ചെയ്തതായി സെബി കണ്ടെത്തിയിരുന്നു.
സെബിയുടെ കണക്കനുസരിച്ച്, ബ്ലൂസ്മാര്‍ട്ട് സഹസ്ഥാപകനായ അന്‍മോള്‍ സിംഗ് ജഗ്ഗി, ജെന്‍സോളില്‍ നിന്ന് 25.76 കോടി വ്യക്തിഗത അക്കൗണ്ടുകളിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും മാറ്റി. കണ്ടെത്തലുകളുടെ വെളിച്ചത്തില്‍, ജെന്‍സോളിനെയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളെയും ഓഹരി വിപണിയില്‍നിന്ന് സെബി വിലക്കുകയും പ്രൊമോട്ടര്‍മാരെ ഡയറക്ടര്‍ അല്ലെങ്കില്‍ പ്രധാന മാനേജീരിയല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് താല്‍ക്കാലികമായി അയോഗ്യരാക്കുകയും ചെയ്തിരുന്നു