Business

ആർക്കും വേണ്ടാതെ വീഞ്ഞ്!!

വീഞ്ഞിന്റെ ഉപയാ​ഗത്തിലും ഉദ്പാദത്തിലും വൻ ഇടിവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം ലോകത്തിലെ വീഞ്ഞ് ഉത്പാദനവും ഉപഭോഗവും ​ഗണ്യമായി കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജീവിതശൈലിയിലുണ്ടായ മാറ്റം, ആളുകളുടെ മദ്യപാനശീലത്തിലുണ്ടായ മാറ്റം, സാമ്പത്തിക സമ്മര്‍ദം, പാരിസ്ഥിതിക ആഘാതം തുടങ്ങി നിരവധി ഘടകങ്ങള്‍ വൈന്‍ വ്യവസായത്തിന് തിരിച്ചടിയായിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വൈന്‍ ആന്‍ഡ് വൈന്‍ (ഒഐവി) റിപ്പോര്‍ട്ട് ചെയ്യുന്നത്.
2024-ല്‍ ആഗോള വീഞ്ഞ് ഉപഭോഗം 3.3 ശതമാനം കുറഞ്ഞ് 214.2 മില്യണ്‍ ഹെക്ടോലിറ്ററിലേക്കെത്തി. 2023ലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കാണിത്. 1961 ശേഷം ഇതാദ്യമായാണ് വീഞ്ഞ് വില്പന ഇത്രയധികം താഴ്ന്ന നിലയിലേക്ക് പോകുന്നത്. 1961-ല്‍ 213.6 മില്യണ്‍ ഹെക്ടോലിറ്റര്‍ ആയിരുന്നു ഉപഭോഗം.

അമേരിക്കയുടെ വീഞ്ഞ് ഉപഭോഗത്തില്‍ 5.8 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഉപഭോഗം ഇതോടെ 33.3 മില്യണ്‍ ഹെക്ടോലിറ്ററായി ചുരുങ്ങി. എന്നിരുന്നാലും ലോകത്ത് ഏറ്റവും കൂടുതല്‍ വീഞ്ഞ് കുടിക്കുന്ന രാജ്യം അമേരിക്ക തന്നെയാണ്. ആഗോള വൈന്‍ വിപണിയുടെ ഏതാണ്ട് പകുതിയോളം നിയന്ത്രിക്കുന്ന യൂറോപ്പിലും വില്പന കുറഞ്ഞതായാണ് കണക്ക്. യൂറോപ്പിലെ ഉപഭോഗം 2.8 ശതമാനം കുറഞ്ഞിട്ടുണ്ട്. ഫ്രാന്‍സില്‍ 3.5 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.