Food

കുട്ടികള്‍ക്കും മുതിർന്നവർക്കും ഇഷ്ട്ടമാകും ഈ ലഡ്ഡു

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ലഡ്ഡു റെസിപ്പി നോക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന അവല്‍ ലഡ്ഡു.

ആവശ്യമായ ചേരുവകള്‍

  • വെള്ള അവല്‍
  • ശര്‍ക്കര
  • തേങ്ങ
  • കപ്പലണ്ടി
  • ഏലക്ക പൊടിച്ചത്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പൊടിച്ച ശര്‍ക്കര എടുത്ത് ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് എടുക്കുക. നന്നായി അലിഞ്ഞ് ശര്‍ക്കര പാനി തയ്യാറായി കഴിഞ്ഞാല്‍ തീ ഓഫ് ചെയ്തു മാറ്റി വെക്കാം. ഇനി മറ്റൊരു പാന്‍ എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ള അവല്‍ ഇട്ട് കൊടുക്കുക. തീ കുറച്ച് വെച്ചു വറുത്തെടുക്കുക. ശേഷം ഇതിലേക്ക് 1/2 കപ്പ് ചിരകിയ തേങ്ങ ചേര്‍ക്കുക. ഇനി ഇതെല്ലാം ചേര്‍ത്ത് ലോ ടു മീഡിയം തീയില്‍ ഇട്ട് ഡ്രൈ റോസ്റ്റ് ചെയ്യുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇതൊന്നു സ്‌പ്രെഡ് ചെയ്ത് കൊടുക്കാം. ഇനി അതേ പാനില്‍ ഒരു കപ്പ് കപ്പലണ്ടി ഇട്ട് കൊടുത്ത് ഡ്രൈ റോസ്റ്റ് ചെയ്ത് എടുത്ത് വേറെ പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വെക്കണം.

അവല്‍ തണുത്തതിന് ശേഷം ഇതൊന്നു പൊടിച്ചെടുക്കുക. ഇതു പോലെ തന്നെ കപ്പലണ്ടിയും പൊടിച്ച് എടുത്തു മാറ്റി വെക്കാം. ഇനി ഒരു പാന്‍ എടുത്ത് ചൂടാക്കി നേരത്തെ ഉണ്ടാക്കി വെച്ച ശര്‍ക്കര പാനി അരിച്ചെടുത്ത് അതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം നേരത്തെ പൊടിച്ചു വെച്ച അവല്‍ ചേര്‍ത്ത് കൊടുക്കാം. തീ ലോ ടു മീഡിയത്തില്‍ ആക്കണം. ശേഷം ഇത് കട്ടയാകാതെ നന്നായി മിക്‌സ് ചെയ്ത് കൊടുക്കുക. ഈ സമയം ഇതിലേക്ക് 1/2 ടീസ്പൂണ്‍ ഏലക്ക പൊടി ചേര്‍ക്കുക. ഇനി ഇതിലേക്ക് നേരത്തെ പൊടിച്ചുവെച്ച കടല ചേര്‍ത്ത് കൊടുക്കാം. ഇളക്കി കൊടുക്കുന്നതിന് അനുസരിച്ച് ഇത് കട്ടിയായി വരും. ശേഷം തീ ഓഫ് ചെയ്ത്. ചൂട് മാറി കുഴയ്ക്കാന്‍ പരുവം ആകുമ്പോള്‍ ഉരുട്ടി എടുക്കുക. ഓരോ ലഡുവിന് മുകളിലും നട്‌സ് കൂടി വെച്ചാല്‍ കാണാനും കഴിക്കാനും അടിപൊളി ആയിരിക്കും.