സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസമേഖല അവതാളത്തിലായി. മലയോര ജനത വന്യജീവി ആക്രമണത്തില്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ഖജനാവില്‍ പണമില്ല. ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത്. ധനപ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മാത്രമല്ല പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്തെ പ്രശ്നത്തിൽ സംസ്ഥാന സർക്കാരാണ് പ്രതി. ഭൂമി വിട്ടുകൊടുത്ത സേഠിന്റെ കുടുംബവും ഫറൂക് കോളജ് മാനേജ്മെന്റും ഭൂമി വഖഫല്ലെന്ന് പറയുമ്പോഴും വഖഫ് ബോർഡാണ് വിഷയത്തിൽ കടുംപിടിത്തം തുടരുന്നത്.മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ് താൻ നേരത്തെ പറഞ്ഞത്. അത് തന്നെയാണ് ശരി. യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ പ്രശ്നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു