കേരള സര്‍വകലാശാലയുടെ 37 ഏക്കര്‍ ഭൂമി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിന് പാട്ട വ്യവസ്ഥയില്‍ നല്‍കിയ വകയില്‍ സ്റ്റേഡിയം കരാറുകാര്‍ പാട്ട കുടിശ്ശികയായി സര്‍വ്വകലാശാലയ്ക്ക് നല്‍കാനുള്ളത് 82 കോടിരൂപ. കേരള വിസി ചെയര്‍മാനായി സ്റ്റേഡിയം മേല്‍നോട്ട കമ്മിറ്റിയുണ്ടെങ്കിലും പാട്ടകുടിശ്ശിക ഈടാക്കുന്നതില്‍ നിസ്സംഗത പാലിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് എന്ന ഏജന്‍സിയും, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റുമായാണ് സര്‍വകലാശാലയുമായി കരാറില്‍ ഒപ്പു വച്ചിട്ടുള്ളത്.
സ്റ്റേഡിയത്തിന്റെ മാത്രം പരിപാലന ചുമതല ക്രിക്കറ്റ് അസോസിയേഷന് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തോട് അനുബന്ധമായി സിനിമാ തിയേറ്ററുകള്‍, റസ്റ്റോറന്റ്, സ്വിമ്മിംഗ് പൂള്‍,കോണ്‍ഫറന്‍സ് ഹാളുകള്‍, വിവാഹങ്ങള്‍ നടത്താന്‍ സൗകര്യമുള്ള ആഡി റ്റോറിയം, ഐ.ടി ഓഫീസ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. 2010ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് സ്റ്റേഡിയത്തിന് ഭൂമി കൈമാറാന്‍ തീരുമാനിച്ചത്. 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി പാട്ടവ്യവസ്ഥയിലാണ് കൈമാറേണ്ടതെന്ന് തീരുമാനിച്ചു. ആറുകോടി രൂപ മാത്രമാണ് പാട്ട തുകയായി സര്‍വ്വകലാശാലയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്.
രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പാട്ടത്തുക വാങ്ങാതെ കഴിഞ്ഞ 10 വര്‍ഷമായി സ്റ്റേഡിയം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതെന്ന് ആക്ഷേപമുണ്ട്. 15 വര്‍ഷ പാട്ട കാലാവധിക്കാണ് സര്‍വകലാശാലഭൂമി സ്റ്റേഡിയം നിര്‍മ്മാണത്തിന് കൈമാറിയത്. 15 വര്‍ഷം കഴിഞ്ഞാല്‍ സ്റ്റേഡിയം സര്‍വകലാശാല നേരിട്ട് നടത്തുകയോ കരാര്‍ പുതുക്കി നല്‍കുകയോ ചെയ്യാനാവും. പാട്ടകുടിശ്ശിക നല്‍കാതെ സ്റ്റേഡിയം പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാരിന്റെ കായിക വകുപ്പിന് ബോധമുള്ളപ്പോഴാണ്, കാലിക്കറ്റ് സര്‍വകലാശാല യോടും സമാനമായി സ്റ്റേഡിയം നിര്‍മ്മാണത്തിന് 40 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
CONTENT HIGH LIGHTS;82 crores in rent arrears?: Karyavattom Greenfield Stadium is to be given to Kerala University; Complaint that the rent is not being collected under the guise of political influence