India

കാമുകനുമായുള്ള ബന്ധം കണ്ടെത്തി,ഭർത്താവിന് വിഷം നൽകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി | Woman mixed poison in her husband’s tea and strangled him to death

കേഹാറിൻ്റെ മൂത്ത സഹോദരൻ നൽകിയ പരാതിയിലാണ് സംഭവം പുറത്തുവരുന്നത്

കാമുകനുമായുള്ള ബന്ധം കണ്ടെത്തിയതിതിനെ തുടർന്ന് ഭർത്താവിന് വിഷം നൽകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയ സംഭവത്തിൽ ഭാര്യയയും കാമുകനും അറസ്റ്റിൽ. കേഹാർ സിം​ഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. വിഷം കൊടുത്ത ശേഷം കേഹാറിനെ ഇരുവരും ചേർന്ന് കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനായി ഭാര്യയയും കാമുകനും ചേർന്ന് ഇയാളുടെ മൃതദേഹം കെട്ടി തൂക്കുകയായിരുന്നു. സംഭവത്തിൽ കേഹാറിൻ്റെ ഭാര്യ രേഖയെയും കാമുകൻ പിൻ്റുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേഹാറിൻ്റെ മരണം ആത്മഹത്യയാണെന്നായിരുന്നു ആദ്യം എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ കേഹാറിൻ്റെ മൂത്ത സഹോദരൻ നൽകിയ പരാതിയിലാണ് സംഭവം പുറത്തുവരുന്നത്.

കേഹാറിന് രേഖ ആദ്യം ചായയിൽ എലിവിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ബോധരഹിതനായ കേ​ഹാറിനെ രേഖയുടെ കാമുകനായ പിൻ്റുവെത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകം ആത്മഹത്യയാക്കി മാറ്റാനായി ഇരുവരും ചേർന്ന് കേഹാറിൻ്റ മൃതദേഹം വീട്ടിൽ തന്നെ കെട്ടി തൂക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ കൃത്യം നടത്തിയതിന് പിന്നാലെ പിൻ്റു വീട് വിട്ട് പോവുകയും പിന്നാലെ രേഖ വീടിൻ്റെ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട് ശേഷം ഒച്ചത്തിൽ കരയാൻ തുടങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് വന്ന അയൽവാസികൾ കേഹാർ തൂങ്ങിമരിച്ചതാണെന്ന് കരുതി പൊലീസിനെ വിവരം അറിയിച്ചു.

പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് കേഹാർ മരിച്ചതെന്ന് ഉണ്ടായിരുന്നെങ്കിലും ആന്തരികാവയവങ്ങളിലെ വിഷബാധ കണ്ടെത്തി നടത്തിയ രാസ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ രേഖ കുറ്റസമ്മതം നടത്തുകയായിരുന്നു. 16 വർഷം മുമ്പ് വിവാഹിതരായ കേഹാറിനും രേഖയ്ക്കും നാല് കുട്ടികളുണ്ട്. മെഡിക്കൽ കോളേജിലെ പാചകകാരിയായ രേഖ ഇതിനിടയിൽ പിൻ്റുവെന്ന യുവാവുമായി അടുപ്പത്തിലാവുകയായിരുന്നു. ഈ ബന്ധം രേഖയുടെ ഭർത്താവായ കേഹാർ കണ്ടെത്തിരുന്നു. പിന്നാലെ രേഖയും കേഹാറും തമ്മിൽ തുടർച്ചയായി ത‌ർക്കങ്ങൾ ഉണ്ടായി. തങ്ങളുടെ ബന്ധത്തിന് കേഹാർ തടസ്സമാവുമെന്ന് മനസ്സിലാക്കിയതിന് പിന്നാലെ ഇരുവരും ചേർന്ന് കൃത്യം നടത്താൻ പദ്ധതിയിടുകയായിരുന്നു.

STORY HIGHLIGHTS :Woman mixed poison in her husband’s tea and strangled him to death