India

വിദേശ വിദ്യാർഥികൾക്കെതിരെ യുഎസ് നടപടി: വിസ റദ്ദാക്കപ്പെട്ട വിദേശവിദ്യാര്‍ഥികളില്‍ പാതിയും ഇന്ത്യക്കാര്‍

ന്യൂഡൽഹി: രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ വിസ റദ്ദാക്കിയ 327 വിദേശവിദ്യാര്‍ഥികളില്‍ പാതിപ്പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. യുഎസിലെ കുടിയേറ്റക്കാര്‍ക്കുള്ള അഭിഭാഷകസംഘനയായ അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്റേതാണ്(എഐഎല്‍എ) വെളിപ്പെടുത്തല്‍. 327 വിദേശവിദ്യാര്‍ഥികളില്‍ 50 ശതമാനം ഇന്ത്യക്കാരും 14 ശതമാനം ചൈനക്കാരുമാണെന്ന് എഐഎൽഎ വ്യക്തമാക്കി. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്.

കലിഫോർണിയ, ന്യൂയോർക്ക്, ടെക്സസ്, മിഷിഗൻ, പെൻസിൽവേനിയ, ഫ്ലോറിഡ, അരിസോന, വെർജീനിയ, ഇലിനോയ്, മാസച്യുസിറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഡോണൾഡ് ട്രംപ് സർക്കാരിന്റെ നടപടികൾ ഏറ്റവുമധികം ബാധിച്ചിരിക്കുന്നതെന്നാണു കണ്ടെത്തൽ.

നിയമവിരുദ്ധകുടിയേറ്റം തടയാനുള്ള നടപടി എന്നാരോപിച്ചാണ് നീക്കമെങ്കിലും കാരണം കാണിക്കാതെയാണ് പലരുടെയും വിസ റദ്ദാക്കിയത്. ഏകപക്ഷീയമായി വിസകള്‍ റദ്ദാക്കപ്പെടുന്നതിലും സെവിസില്‍നിന്ന് വിദ്യാര്‍ഥികളുടെ വിസാ സ്റ്റാറ്റസ് നീക്കംചെയ്യുന്നതിലും കൂടുതല്‍ സുതാര്യതയും മേല്‍നോട്ടവും ഉത്തരവാദിത്വവും ആവശ്യമാണെന്ന് എഐഎല്‍എ പറഞ്ഞു. സര്‍വകലാശാലകളെ ഇടപെടീക്കാതെയും തൊഴിലിലോ പഠനത്തിലോ വിടവുണ്ടാക്കാതെയും വിസ റദ്ദാക്കലിനെതിരേ അപ്പീല്‍ നല്‍കാനുള്ള അവസരമാണ് വിദേശവിദ്യാര്‍ഥികള്‍ക്ക് അന്തിമമായി വേണ്ടതെന്നും സംഘടന പറഞ്ഞു.