ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെ വിമർശിച്ച എംപിമാരായ നിഷികാന്ത് ദുബെയെയും ദിനേശ് ശർമ്മയെയും തള്ളി ബിജെപി. ഇരുവരുടെയും പ്രസ്താവനയോട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. ഇതിനുപിന്നാലെ പാര്‍ട്ടി താക്കീതും നല്‍കി. ഇരുവരും പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപി ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും നഡ്ഡപറഞ്ഞു.
സുപ്രീംകോടതി നിയമം നിര്‍മിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു ഝാര്‍ഖണ്ഡില്‍നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാര്‍ട്ടിനേതൃത്വം തള്ളിപ്പറഞ്ഞത്. പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരത്തിന്മേല്‍ സ്വന്തം നിയമങ്ങളടിച്ചേല്‍പ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്ന് ദുബെ പറഞ്ഞു.
ജഡ്ജിമാരുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കാണ് കോടതിയിപ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. രാജ്യത്ത് മത യുദ്ധങ്ങള്‍ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും ആരോപിച്ചു. പാര്‍ലമെന്റാണ് നിയമങ്ങളുണ്ടാക്കുന്നത്. പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നത് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? -ദുബെ പറഞ്ഞു.