പലപ്പോഴും റെസ്‌റ്റോറന്റിൽ നിന്നും കഴിക്കുന്ന ഭക്ഷണങ്ങൾ പിന്നീട് കിട്ടിയെങ്കിലെന്ന് നമ്മൾ ചിന്തിക്കാറില്ല? അത്തരത്തിലുള്ള ഒരു റെസിപ്പിയാണ് ഇത്. റെസ്‌റ്റോറന്റ് സ്റ്റൈലിൽ തയ്യാറാക്കാവുന്ന ബീഫ് ചില്ലിയുടെ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ബീഫ്- 750 ഗ്രാം
- കാശ്മീരി മുളക് പൊടി
- കുരുമുളക് പൊടി
- ജീരകപ്പൊടി
- ഗരം മസാല
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി- ഒരു ടേബിള്‍ സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
- പച്ചമുളക്- 4 എണ്ണം
- സവാള- 2 എണ്ണം
- കാപ്‌സിക്കം- 1
- ചെറുനാരങ്ങ- 1
- കോണ്‍ഫ്‌ളവര്‍- 1 ടീസ്പൂണ്‍
- സോയ സോസ്- 1 ടീസ്പൂണ്‍
- ഗ്രീന്‍ ചില്ലി സോസ്- 1 ടീസ്പൂണ്‍
- ടൊമാറ്റോ കെച്ചപ്പ് – 2 ടീസ്പൂണ്‍
- പഞ്ചസാര- 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബീഫ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് അല്‍പ്പം ഉപ്പ്, ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, അര ടീസ്പൂണ്‍ പെരുഞ്ചീരകപ്പൊടി, കാല്‍ ടീസ്പൂണ്‍ ഗരം മസാല, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല തേച്ചുപിടിപ്പിച്ച ബീഫ് വെള്ളം ഒഴിക്കാതെ ഒരു കുക്കറില്‍ വേവിച്ചെടുക്കുക. ലോ സിമ്മില്‍ വെച്ചുവേണം വേവിക്കാന്‍. നാലു വിസില്‍ വന്നാല്‍ കുക്കര്‍ ഓഫ് ചെയ്യാം.
ഒന്നു തണുത്തതിനു ശേഷം കുക്കറില്‍ നിന്നും ബീഫ് കഷ്ണങ്ങള്‍ മാത്രം ഒരു പാത്രത്തിലേക്ക് മാറ്റുക. ബീഫ് വേവിച്ച വെള്ളം മാറ്റിവയ്ക്കുക, ഇത് പിന്നെ ആവശ്യം വരും. വേവിച്ച ബീഫിലേക്ക് ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളവര്‍, ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി, അര ടീസ്പൂണ്‍ നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ബീഫ് കഷ്ണങ്ങള്‍ ചെറുതീയില്‍ എണ്ണയില്‍ വറുത്തെടുക്കുക. ബീഫ് കഷ്ണങ്ങള്‍ നല്ല ഡാര്‍ക്ക് ബ്രൗണ്‍ നിറമാവുമ്പോള്‍ ചട്ടിയില്‍ നിന്നും കോരി മറ്റൊരു ബൗളിലേക്ക് മാറ്റുക.
ചട്ടിയിലെ ശേഷിക്കുന്ന എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു ടീസ്പൂണ്‍, പച്ചമുളക്, സവാള അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റുക. അര ടീസ്പൂണ്‍ കുരുമുളക് പൊടി കൂടി ചേര്‍ക്കുക. നന്നായി വഴന്നു വരുമ്പോള്‍ മുന്‍പ് മാറ്റിവച്ച ബീഫ് വേവിച്ച വെള്ളം ഒഴിക്കുക.
ഇതിലേക്ക് അരിഞ്ഞുവച്ച ക്യാപ്‌സികം കഷ്ണങ്ങളും സോയ സോസും ഗ്രീന്‍ ചില്ലി സോസും ടൊമാറ്റോ കെച്ചപ്പും ചേര്‍ക്കുക. അര ടീസ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്തു കൊടുക്കുക. കളറിനായി അല്‍പ്പം കാശ്മീരി മുളകുപൊടിയും ചേര്‍ക്കാം. ശേഷം വറുത്തുകോരി വച്ച ബീഫ് കൂടെ ചേര്‍ത്ത് ഗ്രേവി നല്ല കട്ടിയായി വരും വരെ ചൂടാക്കുക. ഒരു പകുതി നാരങ്ങാനീര് കൂടി പിഴിഞ്ഞൊഴിച്ച് ഇളക്കി സ്റ്റൗ ഓഫ് ചെയ്യാം. സ്വാദിഷ്ടമായ ബീഫ് ഫ്രൈ റെഡി.